ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

Jaihind News Bureau
Tuesday, December 24, 2019

ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. സർക്കാർ രൂപീകരണ അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഝാർഖണ്ഡ് ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി.

ജെഎംഎം വർക്കിംഗ് പ്രസിഡന്‍റ് ഹേമന്ത് സോറൻ രാജ്ഭവനില്‍ എത്തി ഗവർണർ ദ്രൗപതി മർമുവിനെ സന്ദർശിച്ച് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നേരത്തെ, ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നിയമസഭാ പാർട്ടി നേതാവായി ഹേമന്ത് സോറൻ ഔദ്യോഗികമായി തെരഞ്ഞെടുത്തിരുന്നു.

ഗവർണറുടെ വസതിയിലെത്തിയ സോറനൊപ്പം പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ, നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട മഹാസഖ്യത്തിലെ കോൺഗ്രസ്, ആർജെഡി നേതാക്കളും ഉണ്ടായിരുന്നു.

ഡിസംബർ 29 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

സംസ്ഥാനത്തെ 81 അംഗ നിയമസഭയിൽ പ്രതിപക്ഷം 47 സീറ്റുകൾ (ജെഎംഎം 30, കോൺഗ്രസ് 16, ആർജെഡി 1) മഹാസഖ്യം നേടിയിരുന്നു.