ഹേമന്ത് സോറന്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; രാഹുല്‍ ഗാന്ധി, മമതാ ബാനർജി, സ്റ്റാലിന്‍, യെച്ചൂരി ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു

Jaihind News Bureau
Sunday, December 29, 2019

ഹേമന്ത് സോറൻ ജാർഖണ്ഡിന്‍റെ 11 -ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറന് പുറമെ മൂന്ന്എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വലിയ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.

ജാർഖണ്ഡില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഹേമന്ത് സോറന് ഇത് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴമാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വർ ഒറാന്‍, ആര്‍.ജെ.ഡിയുടെ സത്യാനന്ദ് ഭോക്ത എന്നിവരും ഹേമന്ത് സോറനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി ഗ്രൌണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവർണർ ദ്രൌപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വലിയ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബർദാസും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

81 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി മഹാസഖ്യത്തിന്‍റെ വിജയം. ഇതിന് പുറമെ മൂന്ന് എം.എല്‍.എമാരുള്ള ജെ.വി.എം-പിയുടെയും ഒരു എം.എല്‍.എയുള്ള സി.പി.ഐ.എം.എല്ലും മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.