തിരൂരില്‍ വള്ളം മറിഞ്ഞ അപകടത്തില്‍ മരണം നാലായി. കക്ക വാരാനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്

Jaihind Webdesk
Sunday, November 20, 2022

മലപ്പുറം: മലപ്പുറത്ത് വള്ളം മറിഞ്ഞ അപകടത്തില്‍ മരണം നാലായി. പുറത്തൂർ പുതുപ്പള്ളി കളൂരിൽ ആണ് അപകടം ഉണ്ടായത്. കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്.   ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരെല്ലാം അയൽവാസികളാണ്. തോണിയിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരും സ്ത്രീകളാണ്.  പുറത്തൂർ നമ്പ്രം സ്റ്റേഡിയം പരിസരത്ത് നിന്ന് ഉച്ചയോടെ കക്ക വാരാൻ പോയ സംഘമാണ് അപകടത്തിൽ പെട്ടത്.   രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണാശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്.