മഴക്കാലത്തും നെൽകൃഷി വരണ്ടുണങ്ങുന്നു; പനമരത്ത് കർഷകർ പ്രതിസന്ധിയിൽ

Jaihind News Bureau
Saturday, September 28, 2019

മഴക്കാലത്തും നെൽകൃഷി വരണ്ടുണങ്ങുന്നു. വയനാട് പനമരത്ത് കർഷകർ പ്രതിസന്ധിയിൽ. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസ് അറ്റകുറ്റപണി നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. അധികൃതരുടെ അനാസ്ഥക്കെതിരെ സമരത്തിനൊരുങ്ങി കർഷകർ

വെള്ളമുണ്ടായിട്ടും നെൽവയലുകളിൽ വെള്ളം എത്തിക്കാൻ കഴിയാതെ പനമരത്തെ നെൽകർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ളമെത്താതായതോടെ നെൽകൃഷിയും നശിച്ചു. പനമരത്തെ പ്രധാന പാടശേഖരങ്ങളിലെല്ലാം കനാൽ വഴി ആര്യന്നൂരിലെ പമ്പ് ഹൗസിൽ വെള്ളമെത്തിച്ചാണ് പരിഹാരം കണ്ടിരുന്നത്. ആയിരം മീറ്ററോളം മെയിൻ കനാലും 500 മീറ്ററോളം ഉപ കനാലുമുണ്ട്. എന്നാൽ രണ്ട് വർഷത്തോളമായി കനാലും പമ്പ് ഹൗസും തകർന്നു കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

നിരവധി തവണ പരാതിപെട്ടിട്ടും പമ്പ് ഹൗസിന്‍റെ അറ്റകുറ്റപണി നടത്താത്തതാണ് നിലവിലെ പ്രതി സന്ധിക്ക് കാരണം.  ഇനിയും പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ കർഷകരുടെ നഷ്ടം ഭീകരമായിരിക്കും. അത് കൊണ്ട് തന്നെ അധികൃതർക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കർഷകർ .  പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്ത് കൃഷി ചെയ്ത നിരവധി കർഷകരാണ് അധികൃതരുടെ അനാസ്ഥ മൂലം കടക്കെണിയിൽ ആയിരിക്കുന്നത്.