അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്: വിജിലന്‍സ് ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ പരാതി; നടപടിയെടുക്കാതെ നാടകം കളിച്ച് പോലീസ്

Jaihind Webdesk
Wednesday, November 9, 2022

മലപ്പുറം: ഡിവൈഎസ്പിയുടെ ഭാര്യ അഭിഭാഷക ചമഞ്ഞ് പലരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പി കോടികള്‍ തട്ടിച്ചെന്നാണ് ആരോപണം. പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് ഉണ്ടായിട്ടും നടപടിയെടുക്കാത്തത് ഡിവൈഎസ് പിയുടെ ഭാര്യയായതുകൊണ്ടും ഉന്നതരുമായുള്ള ബന്ധം കൊണ്ടുമാണെന്നും തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.

ഹൈക്കോടതി അഭിഭാഷക എന്ന വ്യാജേന നിരവധിപേരില്‍ നിന്നും കേസ് നടത്തിപ്പിന്‍റെ പേരിലും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണ്ണവും പണവും ഉള്‍പ്പടെ കൈക്കലാക്കിയെന്നാണ് നുസ്രത്ത് വി.പിക്കെതിരെ ഇരകള്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇവരുടെ പല തട്ടിപ്പുകള്‍ക്കും ഈ ഡിവൈഎസ്പിയുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം എഫ്ഐആര്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. ചില കേസുകളില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ജാമ്യം റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാടാമ്പുഴ പോലീസ്, താനൂര്‍ ഡിവൈഎസ്പി, മലപ്പുറം എസ്പി എന്നിവര്‍ക്കൊക്കെ കോടതി നോട്ടീസ് അയച്ചിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്കുള്ള ബന്ധം കൊണ്ടാണെന്ന് പരാതിക്കാര്‍ പറയുന്നു.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തല്‍ പൂര്‍ത്തിയാകാത്ത സ്ത്രീയെയാണ് ഉന്നത പോലീസുദ്യോഗസ്ഥന്‍ വിവാഹം കഴിച്ചിട്ടുള്ളതെന്നും തട്ടിപ്പ് പണം ഈ ഉദ്യോഗസ്ഥന് കൈമാറുകയാണ് നുസ്രത്ത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. പലര്‍ക്കും 10 ലക്ഷവും അധിലധികവും നഷ്ടമായി. ഡിവൈഎസ്പിയുടെ ഭാര്യയായതിനാല്‍, പ്രതിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കുന്നത്. ഇപ്പോഴും ഇവര്‍ വിവിധ സ്ഥലങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്നുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കണമെന്നും ഇരകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു.