മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം ; ജില്ലയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

Jaihind News Bureau
Sunday, August 16, 2020

മലപ്പുറം : ആശങ്ക പരത്തി മലപ്പുറം ജില്ലയിൽ കൊവിഡ് വ്യാപനം. ജില്ലയില്‍ പുതുതായി 362 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 326 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് മലപ്പുറം ജില്ലയിലെ കൊവിഡ് കണക്കുകൾ. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 362 പേരിൽ 326 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗബാധിതരായിവരിൽ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്കരോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പടുത്തി. സങ്കീർണമായ സാഹചര്യം നേരിടാൻ ശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരുമായി സമ്പർക്കം പുലർത്തിയ എ.ഡി.എം, ഡെപ്യൂട്ടി കളക്ടർമാർ, കളക്ട്രേറ്റ് ജീവനക്കാർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ജില്ലയിൽ ഭരണസ്തംഭനമില്ലെന്നും ക്വാറന്‍റൈൻ കാലയളവിൽ നിർവഹിച്ചതുപോലെ തന്നെ ജില്ലാ കളക്ടറുടെ ചുമതലകൾ ഓൺലൈൻ മുഖേന നിർവഹിച്ചുവരികയാണന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്നും കളക്ടർ പറഞ്ഞു.