സാമ്പത്തിക പ്രതിസന്ധി : കോണ്‍ഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുന്നു

Jaihind Webdesk
Tuesday, September 17, 2019

രാജ്യത്ത് രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേർക്കാനൊരുങ്ങി കോണ്‍ഗ്രസ്.  കശ്മീര്‍, ദേശീയ പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഈ മാസം അവസാനം യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. മറ്റ് പാര്‍ട്ടികളുമായി ആലോചിച്ചതിന് ശേഷമാകും തീയതി പ്രഖ്യാപിക്കുക.

യോഗം സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ നടന്നതായും ഈ മാസം അവസാനത്തോടെ യോഗം നടന്നേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വാഹന വിപണി ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. നിരവധി നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴില്‍ നഷ്ടവും യോഗത്തില്‍ ചര്‍ച്ചയാകും. കശ്മീര്‍,  ദേശീയ പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്‍റിന് പുറത്ത് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗമായിരിക്കും ഇത്. സാമ്പത്തികമാന്ദ്യം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മോദി സർക്കാരിന്‍റെ തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ 25 വരെ രാജ്യവ്യാപകമായിപ്രക്ഷോഭം നടത്തും. ഒക്ടോബർ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.