വനിതാ സംവരണത്തിന്റെ മറവിൽ ബിജെപിയുടെ രാഷ്ട്രീയ ചതി; മണ്ഡല പുനർനിർണ്ണയ നീക്കത്തെ സഭയിൽ തടയുമെന്ന് പ്രതിപക്ഷം

Jaihind News Bureau
Wednesday, April 15, 2026

വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിവാദ നീക്കത്തെ ഒറ്റക്കെട്ടായി നേരിടാൻ ‘ഇന്ത്യ’ സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക യോഗത്തിലാണ് ഈ ധാരണയായത്. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിലെ ഭരണഘടനാ വിരുദ്ധതയെ പാർലമെന്റിൽ ശക്തമായി തുറന്നുകാട്ടുമെന്നും ഖർഗെ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എം.പി എന്നിവർക്ക് പുറമെ തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്ദുള്ള, ടി.ആർ. ബാലു, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. നിലവിലുള്ള 543 സീറ്റുകൾ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമെന്നിരിക്കെ, എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കം ബിജെപിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിൽ വ്യക്തമായ ദുഷ്ടലാക്കുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രനും പ്രതികരിച്ചു.

മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന ഈ ഫോർമുല അംഗീകരിക്കില്ലെന്ന് ഡി.എം.കെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാനും സർക്കാരിന്റെ ഒളിയജണ്ട ജനങ്ങൾക്കിടയിൽ സജീവമായി ചർച്ച ചെയ്യാനുമാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം.