പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ISI യുമായി സഖ്യമെന്ന് കോണ്‍ഗ്രസ്

Saturday, September 29, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാകിസ്ഥാനുമായി ബന്ധമെന്ന് കോണ്‍ഗ്രസ്. പാകിസ്ഥാനുമായും ഐ.എസ്‌.ഐ (Inter-Services Intelligence) യുമായും ഇവര്‍ക്ക് മഹാസഖ്യമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷയും ദേശീയ താല്‍പര്യങ്ങളും ശത്രുരാജ്യത്തിന് ഒറ്റികൊടുത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പത്താന്‍കോട്ട് സൈനികത്താവളത്തിലേക്ക് പാക് ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐ.എസ്‌.ഐയെ ക്ഷണിച്ചതിന് പ്രധാനമന്ത്രിയും അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണം.  ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്തും പോരാട്ടവീര്യവും കൊണ്ട് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണം.

മോദി-ഷാ കൂട്ടുകെട്ടിന് പാക് ഐ.എസ്.ഐയുമായി മഹാസഖ്യമുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇതിന് ഏറ്റവും വലിയ തെളിവാണ് ഐ.എസ്.ഐ മുന്‍ മേധാവിയുടെ പ്രസ്താവനയെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഐ.എസ്.ഐയുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍ മോദിയാണ് എന്നായിരുന്നു മുന്‍ ഐ.എസ്.ഐ മേധാവി പറഞ്ഞത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനെണെന്ന് ബോധ്യമുണ്ടായിട്ടും അന്വേഷണത്തിനായി ഐ.എസ്.ഐയെ സ്വാഗതം ചെയ്ത മോദി സര്‍ക്കാരിന്‍റെ നടപടി ഈ മഹാസഖ്യത്തിന്‍റെ തെളിവാണെന്നും സുര്‍ജേവാല ആരോപിച്ചു. ഇതിന് പ്രധാനമന്ത്രി മറുപടി പറയണം.

പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്ഥാന്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അമിത് ഷാ 2016 മാര്‍ച്ച് 30ന് കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. ഐ.എസ്‌.ഐയെ പ്രകീര്‍ത്തിച്ചതിന് പിന്നില്‍ എന്ത് ബന്ധമാണുള്ളതെന്ന് ഷാ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു