പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ താന്‍ മോദിയല്ലെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, January 12, 2019

ശബരിമല വിഷയത്തില്‍ കെ.പി.സി.സി നിലപാടിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തിലെ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് കാര്യങ്ങളുടെ സങ്കീര്‍ണത മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  ശക്തമായ പോരാട്ടം കാഴ്ചവെക്കും. ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കാന്‍ എസ്.പിക്കും ബി.എസ്പിക്കും അവകാശമുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ദൌത്യം. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ആധിപത്യം അവസാനിപ്പിക്കാനായി പോരാടും. തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് അധികാരത്തിലെത്തിയാൽ കോണ്‍ഗ്രസിന്‍റെ ആദ്യ ലക്ഷ്യം. അധികാരത്തിലെത്തിയ ഉടന്‍ മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ കോണ്‍ഗ്രസ് എഴുതിത്തള്ളി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തന്‍റെ പേര് നരേന്ദ്രമോദി എന്നല്ലെന്നും രാഹുല്‍ പരിഹസിച്ചു.

റഫാലിലെ യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ പ്രധാനമന്ത്രിക്കാവില്ല. 30,000 കോടി രൂപ റഫാല്‍ ഇടപാടിലൂടെ പ്രധാമന്ത്രി തന്‍റെ സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നു. ഇതിലൂടെ വഞ്ചിക്കപ്പെട്ടത് എച്ച്.എ.എല്ലും ഇന്ത്യന്‍ എയര്‍ഫോഴ്സും മാത്രമല്ല, രാജ്യത്തെ ജനങ്ങള്‍ മുഴുവനുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. പ്രധാനമന്ത്രി പാർലമെന്‍റിൽ വരാതെ ഒളിച്ചോടിയതിനെയാണ് താന്‍ വിമർശിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

ദുബായിലെ ഇന്ത്യന്‍ സമൂഹവും ഭരണാധികാരികളും കാണിച്ച സ്നേഹത്തിനും   കരുതലിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

https://www.facebook.com/JaihindNewsChannel/videos/2060250844061356/