ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസംഗത്തിനാണ് തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് നൽകിയത്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ടീക്കാറാം മീണ ഡി.ജി.പിക്ക്നിർദേശം നൽകി.
ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ പറയുന്നു. ദൈവത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.