ബജറ്റില്‍ തിരുവനന്തപുരത്തിന് അവഗണന : ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ | Video Story

Jaihind News Bureau
Sunday, February 9, 2020

തിരുവനന്തപുരം : ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബജറ്റിലൂടെ തലസ്ഥാനത്തിന് അനുവദിച്ച പദ്ധതികൾ എന്ന പേരിൽ മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചവ. അദാനിക്ക് വിമാനത്താവളം നടത്താൻ ബജറ്റിൽ നിന്ന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ബജറ്റിൽ തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന വിവാദം ആളിക്കത്തുന്നതിനിടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തിയത്. ബജറ്റിൽ തലസ്ഥാനത്തിന് ആകെ എത്ര തുക വകയിരുത്തിയെന്ന ചോദ്യത്തിന് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൃത്യമായ മറുപടിയില്ല.

വൻകിട പദ്ധതികൾക്ക് പണം വകയിരുത്തിയില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോൾ തലസ്ഥാനത്തിന് മുമ്പ് ലഭിക്കാത്ത പരിഗണന കിട്ടിയെന്നാണ് സി.പി.എമ്മിന്‍റെയും ജില്ലയിൽ നിന്നുള്ള മന്ത്രിയുടെയും വാദം. വിമാനത്താവള വികസനത്തിനായി മാത്രം 18 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിനായി 275 കോടി രൂപ വേണ്ടി വരുമെങ്കിലും ബജറ്റിൽ നയാ പൈസ വകയിരുത്തിയിട്ടില്ല. അദാനിക്ക് വിമാനത്താവളം നടത്താൻ ബജറ്റിൽ നിന്ന് പണം കൊടുക്കേണ്ടന്ന മുടന്തൻ ന്യായമാണ് മന്ത്രി മുന്നോട്ട് വെച്ചത്.

വിമാനത്താവള വികസനം സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തം. അതേസമയം ബജറ്റിലൂടെ തലസ്ഥാനത്തിന് അനുവദിച്ച പദ്ധതികൾ എന്ന പേരിൽ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചവ. ഇതിൽ യു.ഡി.എഫ് കാലത്ത് അനുമതി നൽകി ഇടതു സർക്കാർ ഇഴച്ചു നീക്കിയ പദ്ധതികളും ഉൾപ്പെടും. കഴിഞ്ഞ നാല് ബജറ്റുകളിലായി തലസ്ഥാന നഗരിക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.