കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ

Jaihind News Bureau
Thursday, February 6, 2020

Thomas-Issac

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായത് സർക്കാരിന് തിരിച്ചടിയാകും. പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാഹചര്യത്തിൽ ബജറ്റിൽ സർക്കാർ എന്തൊക്കെ പ്രഖ്യാപനങ്ങൾ നടത്തുമെന്ന ചോദ്യം മാത്രമാണ് ഉയർന്ന് വരുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പലതും വാക്കുകളിൽ മാത്രം ഒതുങ്ങി. സാമ്പത്തിക ഞെരുക്കത്തിൽ പദ്ധതി വിഹിതം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഏകദേശം 1600 കോടി രൂപയുടെ ബില്ലുകൾ ഇതുവരെയും തീർപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ
പതിവ് പോലെ മദ്യത്തിലാകും മന്ത്രി ആദ്യം കൈ വെയ്ക്കുക. മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടാകാനാണ് സാധ്യത. ഭൂപരിവർത്തന ഫീസിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.

പ്രധാനമായും എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ നിരീക്ഷിക്കാൻ നടപടിയെടുക്കും. പെൻഷൻ പ്രായം ഇത്തവണ കൂട്ടാൻ സാധ്യതയില്ല. കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആരെയും പിണക്കാതെ പണം കൈകാര്യം ചെയ്യുക തുടങ്ങിയ തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം മറികടക്കാൻ 15,323 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഈ പണം ലഭിച്ചാൽ സർക്കാരിന് പ്രതിസന്ധി മറികടക്കാനാകും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ബജറ്റിനെ ബാധിക്കില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്നതും കണ്ടറിയണം.

അതേ സമയം കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പോലെ ചെലവ് ചുരുക്കാനുള്ള നിർദേശങ്ങൾ ഇത്തവണയും ആവർത്തിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സർക്കാർ മുണ്ടു മുറുക്കി ഉടുത്ത് പ്രതിസന്ധി നേരിടണമെന്നായിരുന്നു ധനമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം. എന്നാൽ ധനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ധൂർത്ത് പല തവണ പുറത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇടത് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരുക്കുന്നു.