കേരള ബജറ്റ് 2020 : എന്ത് മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ…

Jaihind News Bureau
Friday, February 7, 2020

Thomas-Issac

നമ്മുടെ ഡോ. തോമസ് ഐസക്കിന് ഇതെന്ത് പറ്റിയെന്നാണ് അദ്ദേഹത്തിന്‍റെ പതിനൊന്നാം ബജറ്റ് അവതരണം കണ്ടപ്പോൾ സാമ്പത്തിക വിദഗ്ധർ നിശബ്ദമായി ഉയർത്തുന്ന ചോദ്യം. കവികളെയും സാഹിത്യകാരന്മാരെയും ഉദ്ധരിച്ച് ബജറ്റിന് ഉപമയും ഉൽപ്രേക്ഷയും നൽകിയപ്പോൾ ‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ..’ എന്നാണ് സാധാരണക്കാരൻ പോലും ചിന്തിച്ച് പോകുന്നത്.

സ്വന്തമായി ആശയങ്ങളും നിലപാടുകളും ഇല്ലാത്ത ആളുകളാണ് മറ്റുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കടമെടുക്കാറുള്ളതെന്ന് പറഞ്ഞ ചിന്തകൻ ആരാണെങ്കിലും ആ വാക്കുകളെ അനുസ്മരിപ്പിക്കുന്നാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. മാജിക്കൽ റിയലിസം നിറച്ച് നാട്ടുകാരെ ഉന്മാദ ലഹരിയിലാക്കുന്ന പൊടിക്കൈകൾ ആയിരുന്നു തോമസ് ഐസക്കിന്‍റെ ബജറ്റ് അവതരണം. ചുരുക്കിപ്പറഞ്ഞാൽ മുളക് പൊടിയുടെ പാക്കറ്റിനകത്ത് പഞ്ചസാരയെന്ന് ലേബൽ ഒട്ടിച്ചത് പോലെയായി തോമസ് ഐസക്കിന്‍റെ ബജറ്റ് വിശേഷങ്ങൾ. ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ ആനന്ദിന്‍റെ വരികൾ കടമെടുത്ത് കേന്ദ്ര സർക്കാരിനെ കുത്തിയപ്പോൾ, പിന്നീട് കവികളുടെയും സാഹിത്യകാരന്മാരുടെയും ഉദ്ധരണികളും വരികളും എടുത്ത് ഉദാഹരിച്ചപ്പോഴും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ഭയം നിഴലിച്ച ഒരു ധനകാര്യമന്ത്രിയുടെ ശരീര ഭാഷയായിരുന്നു തോമസ് ഐസക്കിന്‍റേത്.

പ്രായോഗിക പരിപാടികളും ഭാവിയിലെ വെല്ലുവിളികളെ നേരിടാനുമുള്ള സാമ്പത്തിക സുസ്ഥിരത സൃഷ്ടിക്കാനുള്ള ആശയങ്ങളോ പരിപാടികളോ ബജറ്റിൽ നിഴലിച്ചില്ല എന്നത് വരികൾക്കിടയിലൂടെ കാണാൻ കഴിയും. കേന്ദ്ര സർക്കാരിന്‍റെ പൗരത്വ നിയമത്തിനെതിരെ ബജറ്റിൽ രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയ തോമസ് ഐസക്ക്, പ്രായോഗിക തലത്തിൽ കേന്ദ്രത്തിന്‍റെ വെല്ലുവിളികളെ എങ്ങനെ സമർത്ഥമായി നേരിടാൻ കഴിയും എന്നതിനെക്കുറിച്ച് മറ്റുള്ളവരുടെ വരികളെ കൂട്ടുപിടിച്ച് ആഹ്വാനം ചെയ്തത്. തന്‍റെ പാർട്ടിയുടെയും തന്‍റെയും രാഷ്ട്രീയ നിലപാട് ഭാവിയിൽ എന്തായിരിക്കുമെന്ന് വിശദമാക്കുന്നുമില്ല. ചുരുക്കി പറഞ്ഞാൽ ധനമന്ത്രി പല കവികളുടെയും പല വരികളും എടുത്ത് സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ചപ്പോൾ അതൊരു ശോകകാവ്യമായി ജനങ്ങൾക്ക് തോന്നി തുടങ്ങി എന്നതാണ് ബജറ്റിന്‍റെ ബാക്കി പത്രം.