ഡോ. തോമസ് ഐസക്കിന്‍റെ 11-മത്തെ ബജറ്റ് അഥവാ മലർ പൊടിക്കാരന്‍റെ സ്വപ്നം…

Jaihind News Bureau
Friday, February 7, 2020

ഡോ. തോമസ് ഐസക്കിന്‍റെ 11-മത്തെ ബജറ്റ് മലർ പൊടിക്കാരന്‍റെ സ്വപ്നത്തിന് തുല്യമാണെന്ന് വിശേഷിപ്പിക്കാം. ബജറ്റിൽ കുറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്ലും ഇതിന്‍റെ പ്രായോഗിക തലം പല പദ്ധതികളിലും വ്യക്തമാക്കുന്നില്ല ധനമന്ത്രി.

5 വർഷം കൊണ്ട് അതിവേഗ സിൽവർ റെയിൽ പാത നടപ്പാകും. 1450 രൂപയ്ക്ക് 4 മണിക്കൂർ കൊണ്ട് തിരുവന്തപുരം – കാസർകോഡ് യാത്ര ചെയ്യാമെന്ന് തോമസ് ഐസക്ക് പറയുമ്പോൾ അതിന്‍റെ പ്രായോഗികത സാമ്പത്തിക ശാസ്ത്രം അറിയുന്നവർക്ക് എത്ര കണക്ക് കൂട്ടിയിട്ടും ഉത്തരം ലഭിക്കാത്ത അവസ്ഥയാണ് തോമസിന്‍റെ അതിവേഗ റെയിൽ പദ്ധതി. കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ച പദ്ധതിയുടെ തനിയാവർത്തനമാണ് ഈ ബജറ്റിലും തോമസ് ഐസക്ക് ആവർത്തിച്ചിട്ടുള്ളത്. റെയിൽ പദ്ധതിക്ക് സ്ഥലം എറ്റെടുക്കുക തന്നെ ഒരു ഹിമാലയന്‍ ടാസ്‌ക്കാണ്. 3 വർഷം കൊണ്ട് സ്ഥലം ഏറ്റെടുത്താൽ തന്നെ രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കി ട്രെയിൻ ഓടിക്കാമെന്ന് തോമസ് ഐസക്ക് സ്വപ്നത്തിൽ പറഞ്ഞ് വെയ്ക്കുന്നുണ്ട്. എന്നാൽ പ്രായോഗിക തലത്തിൽ ഈ റെയിൽ പദ്ധതി പാളം തെറ്റുന്ന സൂചനകളാണ് നൽകുന്നത്. അല്ലെങ്കിൽ തന്നെ 2009 ൽ ഈ അതിവേഗ റെയിൽ പദ്ധതിക്ക് ബജറ്റിൽ തുക വകയിരുത്തിയത് തോമസ് ഐസക്ക് തന്നെ. എന്നിട്ടും 10 വർഷം കഴിഞ്ഞിട്ട് പോലും ഇപ്പോഴും മലയാളികളെ സ്വപ്നം കാണിക്കാനാണ് റെയിൽ പദ്ധതിയിലൂടെ തോമസ് ഐസ്‌ക്ക് ലക്ഷ്യമിടുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുള്ള ജനപ്രിയ മുദ്രാവാക്യത്തിന് അപ്പുറം 5 വർഷം കഴിഞ്ഞാലും റെയിൽ പാത യാഥാർത്ഥ്യമാകില്ല എന്നാണ് അനുഭവവും പഠനങ്ങളും നൽകുന്ന സൂചന.