ആവർത്തന വിരസതയുടെ പാക്കേജുകൾ കുത്തിനിറച്ചതാണ് 2020-21 കേരള ബജറ്റ്

Jaihind News Bureau
Friday, February 7, 2020

ധനകാര്യ മന്ത്രി തോമസ് ഐസക്കിന്‍റെ 2020-21 കേരള ബജറ്റ്, ആവർത്തന വിരസതയുടെ പാക്കേജുകൾ കുത്തിനിറച്ചതാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഈ ബജറ്റിലും മുഖ്യ സ്ഥാനം പിടിച്ചു എന്നുള്ളതാണ് എടുത്തു പറയേണ്ടത്.

അതിവേഗ റയിൽവേ പദ്ധതി, ഉൾനാടൻ ജലപാതയുടെ നവീകരണം, ഡാമുകളിൽ നിന്ന് മണൽ വാരി വരുമാനം വർധിപ്പിക്കാനുള്ള പദ്ധതി അടക്കമുള്ള 2020-21 ലെ ബജറ്റിലെ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബജറ്റിലും മുഖ്യ ഇടം പിടിച്ചവയായിരുന്നു. ഇവ ആവർത്തിച്ചു എന്നല്ലാതെ സാമൂഹ്യ -കാർഷിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന ബജറ്റിൽ ധനമന്ത്രി ഊന്നൽ നൽകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തസ്തികകൾ വെട്ടിച്ചുരുക്കുക വഴി യുവാക്കളുടെ തൊഴിൽ സ്വപ്നത്തിന്‍റെ വഴിയാണ് ധനമന്ത്രി അടക്കുന്നത്.

സർക്കാരിന്‍റെ ആവശ്യത്തിനായി പുതിയ വാഹനങ്ങൾ വാങ്ങില്ല എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വാടക ഇനത്തിൽ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളാണ് ധനമന്ത്രി ബജറ്റിലൂടെ ശുപാർശ ചെയ്യുന്നത്. ഇതോടെ വാടക ഇനത്തിൽ വൻ തുക സർക്കാരിന് ചിലവാക്കേണ്ടിയും വരും.

പ്രവാസി ചിട്ടിയുടെ പ്രവർത്തനവും ഇത്തവണത്തെ ബജറ്റിൽ മുഖ്യ ഇടം നേടുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ ബജറ്റിൽ ആയിരുന്നു പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായത്. വിശപ്പ് രഹിത കേരളം പദ്ധതിയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്, ഇത്തവണ അത് കുടുംബശ്രീ വഴി 25 രൂപയ്ക്ക് ആഹാരം എന്ന രീതിയിലേക്ക് രൂപമാറ്റം വരുത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുന്ന കേരളത്തെ പിടിച്ചുയർത്താൻ എന്ന പേരിൽ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ പലതും കഴിഞ്ഞ ബജറ്റിന്‍റെ ആവർത്തനങ്ങൾ ആണ് എന്നതാണ് ശ്രദ്ധേയം.