കടകംപള്ളിക്ക് താക്കീത്; പ്രചാരണറാലിയില്‍ വടിവാള്‍ കണ്ടെത്തിയതില്‍ അന്വേഷണം വേണമെന്ന് മീണ

Jaihind Webdesk
Monday, April 8, 2019

Tikaram Meena

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസംഗത്തിനാണ് തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് നൽകിയത്. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ടീക്കാറാം മീണ ഡി.ജി.പിക്ക്നിർദേശം നൽകി.

ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ പറയുന്നു. ദൈവത്തിന്‍റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ദൈവനാമത്തിൽ  നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിധ്യനിയമം അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥിയായ എം. ബി രാജേഷിന്‍റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദേശം നൽകി. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദ്ദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് ഇത്തരം നടപടികള്‍ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത്തരത്തിൽ വിശദീകരണം തേടിയത് സി.പി.എമ്മിന് തിരിച്ചടിയായി.