ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; അവ്യക്തത തുടരുന്നു

Jaihind Webdesk
Monday, February 4, 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്ത തുടരുന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചു .

ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണം 51 എന്നായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് യുവതികള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാമൂലം അറിയിച്ചത്. ശ്രീലങ്കൻ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല.

ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു . ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ചെയ്യാൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ല . ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധിക്രിയക്ക് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല. അതേസമയം ദേവസ്വം മാന്വൽ അനുസരിച്ച് പ്രവര്‍ത്തിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നും ദേവസ്വം മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ മുരളീധരൻ, അനില്‍ അക്കര എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. അതേസമയം മണ്ഡല മകരവിളക്കുകാലത്തെ ആകെ വരുമാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 279 കോടി 43 ലക്ഷം രൂപ ആയിരുന്നു വരുമാനം. എന്നാൽ ഇത്തവണ 180.18 കോടി രൂപയാണ് ആകെ ലഭിച്ചത്. മുൻ വർഷത്തെക്കാൾ നൂറ് കോടി രൂപയുടെ കുറവാണ് ഉണ്ടായത്.