അംഗീകാരമില്ലാത്ത കോഴ്സുകള്‍ നിലനിർത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വഴിവിട്ട ഇടപെടല്‍ ; നീക്കം അനധികൃത നിയമനങ്ങള്‍ സംരക്ഷിക്കാനെന്ന് ആരോപണം | Video Story

Jaihind News Bureau
Tuesday, January 14, 2020

Kadakampally-Surendran

തിരുവനന്തപുരം : കേരള സർവകലാശാലയിലെ എന്‍ജിനീയറിംഗ് കോളേജിൽ അംഗീകാരമില്ലാത്ത കോഴ്‌സ് നിലനിർത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വഴിവിട്ട ഇടപെടലിന് തെളിവുകൾ പുറത്ത്. രേഖകൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. മന്ത്രി ഇടപെട്ട് നടത്തിയ അനധികൃത നിയമനങ്ങളെ സംരക്ഷിക്കാനാണ് ഈ നടപടി എന്നാണ് വിമർശനം.

എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത എന്‍ജിനീയറിംഗ് കോളേജില്‍ സ്വന്തക്കാരുടെ ജോലി നിലനിർത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വഴിവിട്ട ഇടപെടലുകൾ നടത്തുന്നു എന്ന ആരോപണം സ്ഥീരികരിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. സർവകലാശാല പുറത്തുവിട്ട രേഖകൾ പ്രകാരം മന്ത്രി കെ.ടി ജലീലിന്‍റെ ചേംബറിൽ 27 – 3- 2019 ൽ ചേർന്ന യോഗത്തിൽ സർവകലാശാല അധികൃതകർക്കും മന്ത്രി കെ.ടി ജലീലിനും ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നു. എം.ജി സർവകലാശാലയ്ക്ക് സമാനമായി കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കണമെന്നും ഇതിന് കീഴിൽ കോളേജിനെ നിലനിർത്തണമെന്നും ഒപ്പം എ.ഐ.സി.ടി.ഇ അംഗീകാരം ലഭിക്കാൻ തക്കവണ്ണമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് സർവകലാശാല കണ്ടെത്താനും യോഗത്തിൽ മന്ത്രി നിർദേശിച്ചതായി രേഖയിൽ പറയുന്നു. നിലവിലുള്ള ന്യൂനതകൾ പരിഹരിക്കാൻ സർവകലാശാല ബഡ്ജറ്റില്‍ തുക വകമാറ്റണമെന്നും നിർദേശം നൽകി.

സർവകലാശാല സിൻഡിക്കേറ്റ് ചേർന്ന് എടുക്കേണ്ട തീരുമാനങ്ങൾ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദേശിക്കുന്നത് സർവകലാശാല സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്നാണ് ആക്ഷേപം. നേരത്തെയും നിരവധി തവണ ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളിൽ അകപ്പെട്ടിട്ടും ഭരണപക്ഷത്തെ മന്ത്രിമാരും പാർട്ടിയും ശൈലി മാറ്റാൻ തയാറല്ല എന്ന സൂചനയിലേക്കാണ് ഈ സംഭവും വിരൽ ചൂണ്ടുന്നത്. അതേസമയം സാങ്കേതിക സർവകലാശാലയുടെ കീഴിൽ വരേണ്ടുന്ന കോഴ്‌സുകളാണ് കേരള സർവകലാശാലയിൽ ഇത്തരത്തിൽ തുടരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേക താല്‍പര്യപ്രകാരം നേരിട്ട് ഇടപെട്ട് നിയമിച്ച അധ്യാപകരേയും ജീവനക്കാരേയും നിലനിർത്താനാണ് അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തുന്നത് എന്നാണ് ആരോപണം. സർവകലാശാല ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് പ്രതിവർഷം അരക്കോടിയലേറേ രൂപയുടെ നഷ്ടമാണ് ഈ കോഴ്‌സുകൾ വരുത്തിവെക്കുന്നത്.