ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നു : സി. ദിവാകരന്‍

Jaihind Webdesk
Friday, May 24, 2019

C-Divakaran-LDF

തിരുവനന്തപുരത്തേറ്റ കനത്ത പരാജയത്തിന് പിന്നാലെ വിമര്‍ശനവുമായി സി. ദിവാകരന്‍. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്നും കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി.ദിവാകരന്‍ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് മനസിലാക്കിയാല്‍ അതു ജനങ്ങളോട് തുറന്നു പറയണം. ഇടതുനേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും, പഴയകാല നേതാക്കള്‍ ജനങ്ങളോട് സംവദിച്ചിരുന്നുവെന്നും അദേഹം പറ‍ഞ്ഞു.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. പ്രചരണ വേളയില്‍തന്നെ സിപിഎമ്മിനെതിരെ ദിവാകരന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലാകെ സിപിഎമ്മിന് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ച വര്‍ഷമാണിത്. 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടിയശേഷം ഇപ്പോഴാണ് കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി ഇത്രയധികം സീറ്റുകള്‍ നേടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്‍റെ കാരണങ്ങള്‍ തേടി സിപിഎമ്മിന്‍റേയും സിപിഐയുടേയും നേതൃയോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നയിച്ച തെരഞ്ഞെടുപ്പില്‍ കനത്തപരാജയം നേരിട്ടത് സിപിഎമ്മിനുള്ളില്‍ ചെറുതല്ലാത്ത അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്.

teevandi enkile ennodu para