അഞ്ച് മണ്ഡലങ്ങളിലെ ജനവിധി നാളെ ; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

Jaihind News Bureau
Wednesday, October 23, 2019

അഞ്ച് മണ്ഡലങ്ങളിലേയും ഫലപ്രഖ്യാപനം നാളെ വരാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. അഞ്ചിടത്തും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. അതേസമയം മുൻകാലങ്ങളിൽ ത്രികോണ മത്സരം സൃഷ്ടിച്ച ബി.ജെ.പി ഇത്തവണ ചിത്രത്തിലില്ലാത്തതും ശ്രദ്ധേയമാണ്.

ഇത്തവണ ഒരു മാസം പോലും പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ അഞ്ച് മണ്ഡലങ്ങളിലും ഇതുവരെ കാണാത്ത വീറും വാശിയുമായിരുന്നു പ്രചാരണരംഗത്ത് പ്രകടമായത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഇത്തവണ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റുകള്‍ നിലനിർത്തി ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ അരൂര്‍ കൂടി പിടിച്ചെടുത്ത് സമ്പൂർണ വിജയം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം ഉപതെരഞ്ഞെടുപ്പിലൂടെ മാറ്റിയെടുക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. വിജയിക്കാനായില്ലെങ്കിലും വോട്ട് ഷെയർ കഴിഞ്ഞതവണത്തേക്കാള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് എന്‍.ഡി.എ നേതൃത്വത്തിനുള്ളത്.

അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ആശങ്കയ്ക്ക് വഴിയില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കൂടാതെ എക്സിറ്റ് പോള്‍ ഫലങ്ങളിലെ സൂചനകളും യു.ഡി.എഫ് നേതൃത്വത്തിന് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ അഴിമതിയും ജനദ്രോഹനയങ്ങളും പ്രചാരൺ രംഗത്ത് യു.ഡി.എഫ് ഉയർത്തിക്കാട്ടിയിരുന്നു. പി.എസ്.സി പരീക്ഷാ ക്രമക്കേട്, സർക്കാരിന്‍റെ ധൂർത്ത് തുടങ്ങിയവ പ്രതിപക്ഷം സർക്കാരിനെതിരായ കുറ്റപത്രമായി പ്രചാരണവേളയില്‍ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന മാർക്ക് ദാന വിവാദവും യു.ഡി.എഫ് പ്രചാരണായുധമാക്കി. കൂടാതെ ശബരിമല വിഷയത്തില്‍ സർക്കാരിന്‍റെ നിലപാട് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്.

അതേസമയം മൂന്നര വർഷക്കാലത്തെ ഭരണത്തില്‍ എടുത്തുപറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയം പറയാതെ പാലായിലെ ഉപതെരഞ്ഞെടുപ്പ് വിജയം മാത്രം ചൂണ്ടിക്കാട്ടിയുള്ള പ്രവർത്തനമായിരുന്നു ഇടതുമുന്നണിയുടെ പ്രചരണായുധം. അത് എത്രത്തോളം തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്ന് കണ്ടറിയണം. മാർക്ക് ദാന വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ പ്രതിരോധം തീർക്കാനാകാത്ത ആശങ്കയും ഇടതുമുന്നണിക്കുണ്ട്. പോളിംഗ് കുറഞ്ഞതും ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസം എന്‍.ഡി.എയ്ക്കുണ്ട്.  എന്നാല്‍ സ്ഥാനാര്‍ത്ഥി നിർണയത്തിലെ പാളിച്ചകളും മറ്റും കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും ഇത്തവണ ലഭിക്കില്ലെന്ന ആശങ്കയും നേതൃത്വം തള്ളിക്കളയുന്നില്ല. വിജയിക്കാനാവില്ലെങ്കിലും വോട്ട് ഷെയർ വർധിപ്പിക്കാമെന്ന എന്‍.ഡി.എ നേതൃത്വത്തിന്‍റെ കണക്കുകൂട്ടലിന് പോളിംഗ് ശതമാനത്തിലെ കുറവ് തിരിച്ചടിയായി. എന്നിരുന്നാലും അവസാനമിനിഷത്തിലും സ്ഥാനാർത്ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.