പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിന്‍റെ മഹാറാലി ഇന്ന് കോഴിക്കോട്

Jaihind News Bureau
Saturday, January 18, 2020


പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് കോഴിക്കോട് യുഡിഎഫിന്‍റെ മഹാറാലി. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ജില്ലാ യുഡിഎഫ് നേതൃത്വം അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മലബാറിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് കോഴിക്കോട് റാലിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ കാക്കാൻ ഭരണഘടന സംരക്ഷിക്കാൻ എന്ന പ്രമേയത്തിലാണ് പരിപാടി. വൈകുന്നേരം നാല് മണിക്ക് സൗത്ത് ബീച്ചിൽ നിന്നും റാലി ആരംഭിക്കും. ഓപ്പൺ സ്റ്റേജിനടുത്താണ് സമാപനം. അഞ്ച് മണിയോടെ കടപ്പുറത്തെ വേദിയിൽ പൊതു സമ്മേളനം തുടങ്ങും. മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബലാണ് ഉദ്ഘാടകൻ. രാഷ്ട്രീയ- മത- സാംസ്കാരിക രംഗത്തെ പ്രമുഖർ വേദിയിൽ സംസാരിക്കും.

ബഹുജന റാലി വൻ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും യുഡിഎഫ് നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിൽ നിന്നും മുന്നൂറിൽ കുറയാത്ത ആളുകളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കും. വിവിധ പോഷക സംഘടനകളും പരമാവധി പ്രവർത്തകരെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

 

https://www.youtube.com/watch?v=uXf-V6pX-vI