കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് കപില്‍ സിബല്‍ ; കോഴിക്കോടിനെ ജനസാഗരമാക്കി യു.ഡി.എഫ് മഹാറാലി

Jaihind News Bureau
Saturday, January 18, 2020

കോഴിക്കോട് : കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ളവർക്ക് പറ്റിയ ഇടമല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് യു.ഡി.എഫിന്‍റെ മഹാ റാലിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കപിൽ സിബൽ.

പൗരത്വ ഭേദഗതി നിയമത്തിൽ സംഘപരിവാറിന്‍റെ നുണകൾ എണ്ണിപ്പറഞ്ഞായിരുന്നു കപിൽ സിബലിന്‍റെ തുടക്കം. തീർത്തും പക്ഷപാതപരമാണ് ഈ നിയമം എന്ന് അദ്ദേഹം തെളിവുകൾ നിരത്തി സ്ഥാപിച്ചു. രാഷ്ട്രീയമായി എൻ.ഡി.എക്ക് എതിരെ നിൽക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്നു പോലും ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമം അറബി കടലിൽ എറിയും വരെ വിശ്രമം ഇല്ലെന്ന് കപിൽ സിബൽ പ്രഖ്യാപിച്ചു. നിയമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് വംശനാശം സംഭവിച്ച ദിനോസറുകളുടെ അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.