കൂത്തുപറമ്പിൽ ഷാഫി പറമ്പിലിനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ സിപിഎം കൊലവിളി

Jaihind Webdesk
Friday, April 26, 2024

 

കണ്ണൂർ: വടകര പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും സംഘത്തിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി. അടിയറപ്പാറയിലെ 25, 26 ബൂത്തുകൾ സന്ദർശിക്കവെയായിരുന്നു സംഭവം. ബൂത്തിൽ എത്തിയ സ്ഥാനാർത്ഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ ഒരുകൂട്ടം സിപിഎം പ്രവർത്തകർ സ്ഥാനാർത്ഥിക്കെതിരെ കൂവലും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നു.

കയ്യും വെട്ടും കാലും വെട്ടും എന്ന ആക്രോശവുമായാണ് സ്ഥാനാർത്ഥിക്കും കൂടെയുള്ളവർക്കും നേരെ തിരിഞ്ഞത്. സന്ദർശന സമയം കഴിഞ്ഞു എന്നതായിരുന്നു സിപിഎം പ്രവർത്തകരുടെ വാദം. എന്നാൽ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് നിരീക്ഷകനുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു നിർദ്ദേശം നിലനിൽക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതേസമയം എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ പല ബൂത്തുകളിലും കയറിയിറങ്ങുകയായിരുന്നു. ഈ ബൂത്തുകളിൽ കള്ളവോട്ടിനുള്ള തയാറെടുപ്പുകൾ നടന്നിരുന്നതായും അത് പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് സിപിഎം പ്രവർത്തകർ കൊലവിളിയുമായി പാഞ്ഞടുത്തതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. യുഡിഎഫ്, ആർഎംപി നേതാക്കളായ പാറക്കൽ അബ്ദുല്ല, എൻ. വേണു, കെ.പി. സാജു, സി.ജി. തങ്കച്ചൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.