വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പ് ജോലിക്കായി നഗരസഭയില്‍ ഇടതുപക്ഷ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു; യു.ഡി.എഫ് പരാതി നല്‍കി

Jaihind News Bureau
Friday, October 4, 2019

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നഗരസഭയിൽ ഇടതുപക്ഷ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. സെക്ടർ ഓഫീസർമാരായും സെക്ടർ അസിസ്റ്റന്‍റുമാരുമായി നിയമിതരായവരിൽ ഭൂരിഭാഗവും തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരാണ്.

ജില്ലാ വരണാധികാരിയായ കളക്ടർ ആണ് സെക്ടർ ഓഫീസർമാരെയും സെക്ടർ അസിസ്റ്റന്‍റുമാരെയും നിയമിച്ചത്. കോര്‍പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തില്‍ സെക്ടര്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ട 20 പേരില്‍ 10 പേരും, സെക്ടര്‍ അസിസ്റ്റന്‍റുമാരായി നിയമിക്കപ്പെട്ട 20 പേരില്‍ 10 പേരും കോര്‍പറേഷനിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണ്. ഇതിൽ മേയറുമായി അടുപ്പമുള്ളവരാണ് ലിസ്റ്റിൽ കയറിപ്പറ്റിയവരിൽ ഭൂരിഭാഗവും.

വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി ജില്ലാ വരണാധികാരി നിയമിച്ച 40 ഉദ്യോഗസ്ഥരിൽ 20 ഉദ്യോഗസ്ഥരും തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥരായത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇപ്പോൾ നിയമിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കായുള്ള ട്രെയിനിംഗും തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ മേയർ പദവി ദുരുപയോഗപ്പെടുത്തി വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. നഗരസഭാ വാഹനങ്ങളും പ്രിന്‍റിംഗ് പ്രസും തെരഞ്ഞെടുപ്പിന് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും വിവാദമായി. മേയറുടെ ഔദ്യോഗിക ഫോണും ഓഫീസ് സൗകര്യങ്ങളും അദ്ദേഹം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും യു.ഡി.എഫ് ആരോപിച്ചു. വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക തയാറാക്കിയത് മുതൽ കളക്ടർ സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിയമനങ്ങള്‍.