ചരിത്രമെഴുതി ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക്

Jaihind Webdesk
Thursday, September 29, 2022

മലപ്പുറം/വഴിക്കടവ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. രാവിലെ നിലമ്പൂർ ചുങ്കത്തറ നിന്നും ആരംഭിച്ച് വഴിക്കടവ് വരെ 6 കി.മീ ദൂരമാണ് യാത്ര കടന്നു പോയത്. തുടർന്ന് രാഹുൽ ഗാന്ധിയും യാത്ര സംഘങ്ങളും നാടുകാണി ചുരം കയറി ഗൂഡല്ലൂരിലേക്ക് പോയി. ഉച്ചയ്ക്ക് ശേഷം ജോഡോ യാത്ര ഗൂഡല്ലൂരിൽ നിന്നാരംഭിക്കും.

ചരിത്രത്തില്‍ ഇടംപിടിച്ചാണ് ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. കേരളത്തിൽ ഇന്നേവരെ ഒരുയാത്രയ്ക്കും ലഭിക്കാത്ത ആവേശവും ജനപങ്കാളിത്തവും ജോഡോ യാത്രയെ ചരിത്രത്തിൽ ഇടം പിടിപ്പിക്കുന്നതായി മാറ്റി. 6 ജില്ലകൾ പിന്നിട്ട് ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ചയാണ് മലപ്പുറത്തേക്ക് പ്രവേശിച്ചത്. ജില്ലയിൽ 72 കിലോമീറ്റർ ജോഡോ യാത്ര പ്രയാണം ചെയ്തു. അണമുറിയാത്ത ജനപ്രവാഹം അവസാന ജില്ലയായ മലപ്പുറത്തും ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു. ജില്ലയിലെയും – സംസ്ഥാനത്തേയും യാത്രയുടെ അവസാന ദിവസമായ ഇന്ന് ചുങ്കത്തറ നിന്നാരംഭിച്ച് വഴിക്കടവ് മണിമൂളിയിൽ യാത്ര സമാപിച്ചു.

രാവിലെ 6.30ന് ആരംഭിച്ച യാത്ര 9 മണിയോടെ പൂർത്തിയായി. അവസാന ദിവസവും പുലർച്ചെ മുതൽ വഴിയിലുടനീളം യാത്രയെ സ്വീകരിക്കാൻ വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാവരും യാത്രയിൽ പങ്കാളികളായി. കെ സുധാകരൻ എംപി, വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെ മുരളീധരന്‍, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കൾ യാത്രയിലുടനീളം പങ്കെടുത്തു. യാത്ര ചരിത്ര വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു.

360 കിലോമീറ്റർ ദൂരമാണ് പദയാത്ര കേരളത്തിൽ പൂർത്തിയാക്കിയത്. 19 ദിവസം കൊണ്ടാണ് ജനങ്ങൾ ഏറ്റെടുത്ത ജോഡോ യാത്ര പാറശാല മുതൽ വഴിക്കടവ് വരെ നടന്നു തീർത്തത്. ഇന്നത്തെ യാത്ര വഴിക്കടവ് മണി മൂളിയിൽ സമാപിച്ചതോടെ വിശ്രമത്തിന് കാത്തുനിൽക്കാതെ രാഹുൽ ഗാന്ധി ഗൂഡല്ലൂരിലേക്ക് വാഹനത്തിൽ പോയി. ഗൂഡല്ലൂരിലെ 6 കിലോമീറ്ററിന് ശേഷം ഭാരത് ജോഡോ യാത്ര നാളെ കർണാടകയിലേക്ക് പ്രവേശിക്കും.