വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്

Jaihind Webdesk
Sunday, September 4, 2022

 

മലപ്പുറം: നിലമ്പൂർ വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മരുത അയ്യപ്പന്‍പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ ജലീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സന്ധ്യക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി ഡ്രൈവറായ പ്രതി ആളൊഴിഞ്ഞ കാടിനടുത്തുള്ള ഇരുൾകുന്ന് എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സഹായത്തിനായി ഹെല്‍പ്പ് ലൈന്‍ നമ്പർ 1091

സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ നേരിട്ടാൽ ഏതുസമയത്തും 1091 എന്ന ഹെൽപ് ലൈന്‍ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും. ബസിലോ പൊതുവഴിയിലോ വീട്ടിലോ ആയാൽ പോലും ഈ നമ്പരില്‍ വിളിക്കാം.