
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തതിനെതിരെ കോൺഗ്രസ് എംപി ആർ. സുധ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ പേര് ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എംപി രാഷ്ട്രപതിക്ക് കത്തുനൽകി. ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ വിശാല ബഞ്ച് അടിയന്തരമായി ഇടപെടണമെന്നും എംപി കത്തിൽ ആവശ്യപ്പെടുന്നു.
ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുമെന്ന് ആർ. സുധ എംപി പ്രതികരിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിയമരംഗത്ത് പ്രവർത്തിക്കാൻ അനുവദിക്കരുത്. വിഷയത്തിൽ സുപ്രീംകോടതി വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 30 വർഷത്തിലധികം ജയിൽവാസം അനുഭവിച്ച വ്യക്തിയാണ് പേരറിവാളൻ. 2022 മെയ് മാസത്തിലാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾമെന്റ് നടത്തിയത്.