ലഖ്നൗവിനെ വീഴ്ത്തി രാജസ്ഥാന്‍; വിജയവഴിയില്‍ തിരിച്ചെത്തി രണ്ടാം സ്ഥാനത്തേക്ക്

Jaihind News Bureau
Thursday, April 23, 2026

ലഖ്നൗ: രവീന്ദ്ര ജഡേജയുടെ ബാറ്റിംഗും ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗ് മികവും തുണച്ചപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ, 18 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 32 റണ്‍സിനിടെ ജയ്സ്വാള്‍ (22), വൈഭവ് സൂര്യവംശി (8), ധ്രുവ് ജുറേല്‍ (0) എന്നിവരെ നഷ്ടമായ റോയല്‍സിനെ മധ്യനിരയില്‍ രവീന്ദ്ര ജഡേജയാണ് കരകയറ്റിയത്. 29 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ജഡേജയും ഡോണോവന്‍ ഫെരേര (20), ശുഭം ദുബെ (19*) എന്നിവരും ചേര്‍ന്ന് സ്‌കോര്‍ 160-ല്‍ എത്തിച്ചു. ലഖ്നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മുഹ്സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ മായങ്ക് യാദവ് 4 ഓവറില്‍ 56 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ മിച്ചല്‍ മാര്‍ഷ് (55) ഒഴികെ മറ്റാര്‍ക്കും ലഖ്നൗ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. നിക്കോളാസ് പൂരന്‍ (22), ഹിമത് സിംഗ് (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ഋഷഭ് പന്ത്, ആയുഷ് ബദോനി, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ പൂജ്യത്തിന് പുറത്തായത് ലഖ്നൗവിന് വന്‍ തിരിച്ചടിയായി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് നേടി തിളങ്ങി. നന്ദ്രേ ബര്‍ഗറും ബ്രിജേഷ് ശര്‍മ്മയും 2 വിക്കറ്റും നേടി. ഈ വിജയത്തോടെ 7 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 4 പോയിന്റ് മാത്രമുള്ള ലഖ്നൗ ഒമ്പതാം സ്ഥാനത്താണ്.