
കോവിഡ് കാലത്തെ വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടിന് സമാനമായി, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മെഡിസെപ് ഗുണഭോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള 31.46 ലക്ഷം പേരുടെ സുപ്രധാന ആരോഗ്യവിവരങ്ങളാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത്. സ്പ്രിംഗ്ലര്‍ വിവാദ കാലത്ത് എം. മാധവന്‍ നമ്പ്യാര്‍ സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കാതെ, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടുവെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പൊതുമേഖലാ സ്ഥാപനമായ ‘ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി’ക്ക് ലഭിച്ച കരാര്‍ അവര്‍ മറിച്ചു നല്‍കിയത് വഴിയാണ് സ്വകാര്യ കമ്പനികള്‍ക്ക് ഈ ഡേറ്റ ലഭ്യമായത്.
‘ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ മെഡി ക്ലെയിമുകള്‍ വ്യാപകമായി തള്ളുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് ജീവനക്കാരെ പീഡിപ്പിക്കുകയാണ്. ഈ ദ്രോഹ ഇടപാടിലെ ഒന്നാം പ്രതി പിണറായി സര്‍ക്കാരാണ്.’ – കെ.സി. വേണുഗോപാല്‍. ആയിരക്കണക്കിന് ജീവനക്കാര്‍ പദ്ധതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഡേറ്റാ കൈമാറ്റത്തിന് പിന്നിലെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.