തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: നാല് പേരുടെ നില ഗുരുതരം; ഡിഎന്‍എ പരിശോധന ഇന്ന്

Jaihind News Bureau
Thursday, April 23, 2026

തൃശൂര്‍ മുണ്ടത്തിക്കോടുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പത്ത് പേരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കരാറുകാരന്‍ സതീഷ് നിലവില്‍ വെന്റിലേറ്ററിലാണ്. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്‌ഫോടനസ്ഥലത്തുനിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ശാസ്ത്രീയമായ ഡിഎന്‍എ പരിശോധനകള്‍ ഇന്ന് ആരംഭിക്കും.

വെടിക്കെട്ടുപുരയില്‍ നിരോധിത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചു. ഓരോ സ്‌ഫോടക വസ്തുവും പ്രത്യേകം പരിശോധിക്കുമെന്ന് ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. അപകടസ്ഥലത്തുള്ള ബാക്കി സ്‌ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം, മൃതദേഹങ്ങള്‍ക്കായി കെഡാവര്‍ നായകളെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തും. അപകടം നടന്ന സ്ഥലത്ത് അവശേഷിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ മാറ്റുന്നതിനായി പോലീസ് സുരക്ഷിതമായ സ്ഥലം കണ്ടെത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു. ഇവ മാറ്റിയാലുടന്‍ പ്രദേശത്ത് കൂടുതല്‍ വിശദമായ തെരച്ചില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.