
ന്യൂഡല്‍ഹി: സ്ത്രീ സംവരണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നീക്കം യഥാര്‍ത്ഥത്തില്‍ പരിധിനിര്‍ണ്ണയ രാഷ്ട്രീയത്തിനായിരുന്നുവെന്നും പ്രതിപക്ഷ ഐക്യം അതിനെ ശക്തമായി ചെറുത്തുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര എംപി പറഞ്ഞു. ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വലിയ വിജയമാണെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ രക്ഷകരായി നടിക്കുന്ന ബിജെപി ഭരണകൂടം ഉണ്ണാവ്, ഹാഥറസ്, മണിപ്പൂര്‍, വനിതാ കായികതാരങ്ങളുടെ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പം നിന്നിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സുരക്ഷാ അഭാവം എന്നിവയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2023-ല്‍ എല്ലാ പാര്‍ട്ടികളും പിന്തുണച്ച് പാസാക്കിയ സ്ത്രീ സംവരണ നിയമം ഉടന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യ മുന്നണി പൂര്‍ണ പിന്തുണ നല്‍കുമെന്ന് അവര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ചെറിയ ഭേദഗതികള്‍ വരുത്തി 2029-ന് മുമ്പ് നടപ്പാക്കാമെന്നും വ്യക്തമാക്കി.
ജാതി ജനഗണനയ്ക്ക് ശേഷം മാത്രമേ പരിധിനിര്‍ണ്ണയം നടക്കാവൂ എന്നും, സംസ്ഥാനങ്ങളുടെ പ്രതിനിധിത്വ ഭാരം കുറയ്ക്കുന്ന ഏതൊരു നീക്കവും രാജ്യത്തിന് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും ചെറിയ സംസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ ഇനി പ്രചാരണങ്ങളും പിആര്‍ രാഷ്ട്രീയവും വിശ്വസിക്കുന്നില്ല. സത്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ ഭരണകൂടത്തിന് ശക്തമായ മറുപടി നല്‍കിത്തുടങ്ങിയിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ പ്രതിപക്ഷം കൂടുതല്‍ ഐക്യത്തോടെ പോരാട്ടം തുടരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.