
കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യുടെ പര്യടന പരിപാടികൾ ഇന്ന് സമാപനത്തിലേക്ക്. സമാപന ദിവസമായ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം സംവദിക്കും. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേട്ടറിഞ്ഞ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും.
ഇന്ന് ആര്യനാട് മണ്ഡലത്തിലാണ് പുതുയുഗയാത്രയുടെ ആദ്യ സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് കാട്ടാക്കട, കോവളം മണ്ഡലത്തിലെ ഉച്ചക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ യാത്ര പര്യടനം നടത്തും. പാറശ്ശാല മണ്ഡലത്തിലെ വെള്ളറടയിലാണ് യാത്രയുടെ ഇന്നത്തെ അവസാന സ്വീകരണം. ഓരോ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് പ്രതീക്ഷിക്കുന്നത്.
യാത്രയുടെ ഔദ്യോഗിക സമാപന സമ്മേളനം മറ്റന്നാൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പുതുയുഗയാത്രയുടെ സമാപനം യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാകും നൽകുക.