അഞ്ച് ശതമാനം ! രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ച ഓർമിപ്പിച്ച് ചിദംബരം

Jaihind Webdesk
Wednesday, September 4, 2019

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കോടതിയില്‍ നിന്നിറങ്ങവെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ഐ.എന്‍.എക്സ് മീഡിയാ കേസില്‍ കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചിദംബരം. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.

‘അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയില്ലേ?’- ചിദംബരം ചോദിച്ചു. ഡല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു പി ചിദംബരത്തിന്‍റെ പ്രതികരണം.

രാജ്യത്തിന്‍റെ സാമ്പത്തികരംഗം അനുദിനം തകരുന്ന കാഴ്ചയാണ് കാണാനാകുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് മോദി സർക്കാരിനെതിരെ ഉയരുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഏപ്രില്‍–ജൂണ്‍ കാലത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്.

സാമ്പത്തികരംഗം തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് മോദി സർക്കാരിന്‍റെ അവകാശവാദം. സാമ്പത്തികരംഗത്തെ മാന്ദ്യത്തെ തുടർന്ന് വലിയ പ്രതിസന്ധിയിലാണ് രാജ്യത്തെ വ്യവസായ-ഉത്പാദന മേഖലകള്‍. ഇനിയെങ്കിലും സർക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാകും രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്‍റെ കാര്യപ്രാപ്തിയില്ലായ്മക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.