വെനസ്വേലയിലെ എംബസി ഉദ്യോഗസ്ഥരെ യുഎസ് പിന്‍വലിക്കും

Jaihind Webdesk
Wednesday, March 13, 2019

വെനസ്വേലയിലെ യുഎസ് എംബസിയിൽനിന്ന് എല്ലാ ഉദ്യോഗസ്ഥരെയും പിൻവലിക്കുമെന്ന് യുഎസ് വിദേശ സെക്രട്ടറി മൈക് പോംപിയോ. ട്വിറ്റർ കുറിപ്പിലാണ് പോംപിയോയുടെ പ്രഖ്യാപനം. ജനുവരിയിൽ ജുവാൻ ഗുഅയ്‌ഡോ സ്വയം പ്രസിഡന്‍റായി പ്രഖ്യാപിച്ചപ്പോൾ തന്നെ എംബസി ഉദ്യോഗസ്ഥരെ യുഎസ് തിരികെ വിളിച്ചിരുന്നു.

ഈ ആഴ്ചയോടെ മുഴുവൻ പേരെയും തിരിച്ചെത്തിക്കും. നയതന്ത്ര ഉദ്യോഗസ്ഥരെ ഈ സാഹചര്യത്തിൽ വെനസ്വേലയിൽ നിർത്താനാകില്ല.

എന്നാൽ, മൈക് പോംപിയോയും യുഎസ് അധികൃതരും തന്നെയാണ് വൈദ്യുതി യുദ്ധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെന്നതിനുള്ള തെളിവ് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളസ് മഡൂറോയും മന്ത്രി ജോർജ് റോഡ്രിഗസും പുറത്തുവിട്ടു. വിദേശ മന്ത്രി ജോർജ് അരീസ യുഎസ് അധികൃതരുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണ്.

അതേസമയം യുഎസ് വെനസ്വേലയിൽ നടത്തിയ വൈദ്യുതി യുദ്ധത്തിന്റെ വിശദവിവരങ്ങൾ പ്രസിഡന്റ് മഡൂറോ പുറത്തുവിട്ടു. സൈമൺ ബൊളീവർ ജലവൈദ്യുത നിലയത്തിലെ സാങ്കേതിക വിഭാഗമാണ് ആദ്യം ആക്രമിച്ചത്. നിലയത്തിലെ കമ്പ്യൂട്ടറുകളിൽ സൈബർ നെറ്റിക് ആക്രമണം നടത്തി. സൈബർ യുദ്ധവിദഗ്ധരെ ഉപയോഗിച്ചാണ് ഇത് വീണ്ടെടുത്തത്. ഉയർന്ന ഫ്രീക്വൻസിയുള്ള മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് വിനിമയമാർഗങ്ങൾ തടസ്സപ്പെടുത്തിയതായും വിവരങ്ങളിൽ പറയുന്നു.