ഇറാനെതിരായ ഉപരോധം ശക്തമാക്കി യുഎസ്

Jaihind Webdesk
Tuesday, November 6, 2018

ഇറാനെതിരായ ഉപരോധം ശക്തമാക്കി യുഎസ്. തിങ്കളാഴ്ച മുതലാണ് ഉപരോധം പൂർണ്ണമായും പ്രാബല്യത്തിൽ വന്നത്. യുഎസ് ഇതുവരെ നടപ്പിലാക്കിയതിൽ വച്ച് ഏറ്റവും ദുഷ്‌കരമായ ഉപരോധമെന്നാണ് ഇറാൻ ഉപരോധത്തെ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വിശേഷിപ്പിച്ചു.

2015ലെ ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെയാണ് ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചത്. വരും നാളുകളിൽ ഉപരോധം കൂടുതൽ ശക്തമാക്കുമെന്നും യുഎസ് അറിയിച്ചു. സാമ്പത്തിക മേഖല, ഊർജപ്രതിരോധ മേഖല, ബാങ്കിങ് മേഖല എന്നിവയിലാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഇറക്കുമതി കുറച്ച് രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തകർക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്നും അല്ലെങ്കിൽ വിലക്കുകൾ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്നതിന് ദിവസങ്ങൾക്കു മുൻപേ എണ്ണ വാങ്ങുന്നതിൽ ഇന്ത്യ അടക്കമുള്ള 8 രാജ്യങ്ങൾക്ക് യുഎസ് ഇളവ് നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന്‍റെ സാമ്പത്തിക വ്യവസ്ഥ തകർക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസ് നടപടിക്കെതിരെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമാണുള്ളത്.

അതേസമയം യുഎസ് ഉപരോധത്തെ ഇറാൻ അന്തസായി മറികടക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയും വ്യക്തമാക്കി.