ബിജെപി-സിപിഎം രഹസ്യ ധാരണ; കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തതെന്ത്?: രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, July 3, 2022

മലപ്പുറം: തന്നെ 5 ദിവസം ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും രാഹുൽ ഗാന്ധി മലപ്പുറം വണ്ടൂരിൽ പറഞ്ഞു. മലപ്പുറം ഡിസിസി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്  വണ്ടൂരിൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരെല്ലാം ബിജെപിയെ എതിർക്കുന്നുവോ അവർ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരും. തന്നെ അഞ്ച് ദിവസം ഇഡി ചോദ്യം ചെയ്തു. മെഡല്‍ ലഭിച്ചതിന് തുല്യമായിട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നടപടിയെ കാണുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നില്ല. ബിജെപി-സിപിഎം ധാരണ വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ലെന്നും യഥാർത്ഥ പ്രശ്നം മറയ്ക്കാന്‍ വേണ്ടിയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കേരള മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് സർക്കാർ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ജെബി മേത്തർ എംപി, എ.പി അനിൽ കുമാർ, പി.സി വിഷ്ണു നാഥ്, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.