പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പിണറായി സര്‍ക്കാരിനെതിരെ യുവജനങ്ങള്‍ വിധിയെഴുതും : വി.ടി ബല്‍റാം എം.എല്‍.എ

Jaihind Webdesk
Wednesday, October 9, 2019

ആസൂത്രിതമായി നടത്തിയ പി.എസ്.സി പരീക്ഷാ തട്ടിപ്പിനെതിരെ സംസ്ഥാനത്തെ യുവജനങ്ങള്‍ വിധിയെഴുതുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കഠിനാധ്വാനം ചെയ്ത് പഠിച്ച് പി.എസ്.സി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ തലയ്ക്ക് മുകളിലൂടെ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ യുവജനങ്ങള്‍ വിധിയെഴുതും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധം രൂപപ്പെടുന്നു. ഇതിന്‍റെ സൂചനയായി അരൂരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയും സി.പി.എമ്മിന്‍റെ പ്രമുഖനായ നേതാവും ആര്‍.എസ്.എസ് നേതാക്കന്മാരെ വീട്ടില്‍പോയി കണ്ട് അവരുടെ പിന്തുണ നേടിയത് ഈ അവിശുദ്ധ ബന്ധത്തിന്‍റെ ഭാഗമായിട്ടാണ്. ഇവര്‍ തമ്മില്‍ പുറമെ ശത്രുക്കളാണെങ്കിലും അന്തര്‍ധാര സജീവമാണെന്നും വി.ടി.ബല്‍റാം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കൃത്രിമമായി ഉണ്ടാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയല്ല, മറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം ഈ നഗരത്തിനുവേണ്ടി പ്രശാന്ത് എന്തു ചെയ്തു എന്നതാണ് വോട്ടര്‍മാര്‍ വിലയിരുത്തുക. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍ അഭിമാനകരമായ വിജയം നേടുമെന്നും വി.ടി ബല്‍റാം പറഞ്ഞു.