ഗാന്ധിയന്‍ ആശയങ്ങളിലൂടെ ജനവിരുദ്ധ സർക്കാരിനെ അടിച്ചമര്‍ത്തുമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, October 2, 2019

ഗാന്ധിയൻ ആശയങ്ങളിലൂടെ ജനവിരുദ്ധ സർക്കാരിനെ അടിച്ചമർത്തുമെന്ന് കോൺഗ്രസ്. ബി.ജെ.പി അടക്കമുള്ള രാജ്യത്തെ പല രാഷ്ട്രീയ പാർട്ടികൾക്കും 50 വർഷത്തിലധികം വേണ്ടിവന്നു മഹാത്മാ ഗാന്ധിയുടെ പ്രസക്തി തിരിച്ചറിയാൻ. ഇപ്പോഴത്തെ തിരിച്ചറിവ് രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യം വെച്ചുള്ളതാണോ അതോ യഥാർത്ഥ മനസിന്‍റെ മാറ്റം ആണോ എന്ന് ഭാവിയിൽ അറിയാം എന്നും കോൺഗ്രസ്.

ലോകത്ത് ഇന്ത്യയെപ്പോലെ ഗാന്ധിജിയും അദ്ദേഹത്തിന്‍റെ തത്വചിന്തകളും ഇപ്പോഴും പ്രസക്തമാണ്. ഗാന്ധിയൻ ചിന്തകളും പ്രത്യയശാസ്ത്രവും ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. രാജ്യത്തെ പല രാഷ്ട്രീയ പാർട്ടികൾക്കും 50 വർഷത്തിലധികം വേണ്ടിവന്നു മഹാത്മാഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയാൻ. ഇത് സ്വാഗതാർഹമാണ്. പക്ഷേ ഇതിൽ എത്രത്തോളം യാഥാർഥ്യമുണ്ട് എന്നതാണ് ചോദ്യം. ഇത് രാഷ്ട്രീയ നേട്ടത്തിനുള്ള ദുരുപയോഗം ആണോ? അതോ യഥാർത്ഥ മനസിന്‍റെ മാറ്റം ആണോ എന്ന് ഭാവിയിൽ അറിയാൻ കഴിയും.

ബി.ജെ.പിയും സർക്കാരും ഗാന്ധി വിരുദ്ധരാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഒഴികെ, ഈ സർക്കാർ പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും അടിച്ചമർത്തുന്നവരാണ്. രാജ്യത്ത് പട്ടികജാതി പട്ടിക വർഗക്കാർക്ക് എതിരെയും നിരാലംബരായവർക്കെതിരെയും ഉള്ള അതിക്രമങ്ങൾ കൂടി. സർക്കാർ കോർപറേറ്റുകൾക്ക് മാത്രം ആനുകൂല്യം നൽകുകയാണ്. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം മറച്ചുവെക്കുന്നതിനുവേണ്ടി എൻ.സി.ആർ.ബി ഡാറ്റ സർക്കാർ പൂഴ്ത്തിയിരിക്കുന്നു. കരിമ്പിൻ കർഷകർക്ക് അവരുടെ കുടിശ്ശിക ആവശ്യപ്പെട്ട് തെരുവുകളിൽ പ്രക്ഷോഭം നടത്തുകയാണ്. പട്ടിണി മരണങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ അസ്വാഭാവിക മരങ്ങൾ ആക്കി മാറ്റുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നവർക്ക് ജാമ്യം ലഭിക്കുകയും ,പീഡനത്തിൽ ഇരയാകുന്നവർ ജയിലിൽ അടക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. തൊഴിലില്ലായ്മ വ്യാപകമാകുന്നു. എന്നിട്ടും സർക്കാർ പറയുന്നു എല്ലാം നന്നായി പോകുന്നു എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്‍റെ സഹായികളായി പ്രവർത്തിക്കുന്നു.

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടില്ല. സർക്കാർ ഏജൻസികളെ പ്രതിയോഗികളെ ഇല്ലാതാക്കാനാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാമാണ് ഗാന്ധി ഭൂമിയിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. ഈ രാജ്യത്തെ നിർമിക്കുന്നതിൽ ജീവനും രക്തവും നൽകിയ കോൺഗ്രസ് പൂർണശക്തിയോടെ തിരിച്ചുവരുമെന്നും, ഗാന്ധിയൻ ആശയങ്ങളിലൂടെ ജനവിരുദ്ധമായ ഈ സർക്കാരിനെ അടിച്ചമർത്തുമെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.