സര്‍ക്കാര്‍ സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥ പഠിക്കാന്‍ യു.ഡി.എഫ് കമ്മിറ്റി

Jaihind News Bureau
Sunday, November 24, 2019

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ക്‌ളാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്തുന്നതിന് പി.ടി.തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചു.

എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ്ബ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഇവര്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും.

ക്‌ളാസുകള്‍ ഹൈടെക്കാക്കിയെന്ന് സര്‍ക്കാര്‍ മേനി പറയുമ്പോഴും കുട്ടികളുടെ സുരക്ഷ തന്നെ അപകടത്തിലാവുന്ന വിധം ദയനീയമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥയെന്ന യാഥാര്‍ത്ഥ്യമാണ് ബത്തേരി സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂളുകള്‍ ഹൈടെക്ക് ആക്കാന്‍ 444 കോടി രൂപ അനുവദിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എങ്കില്‍ ആ തുക എവിടെപ്പോയി? പല സ്‌കൂളുകളുടെയും വളപ്പുകള്‍ അപകടകരമാംവിധം കാടു മൂടിക്കിടക്കുകയാണ്. ക്‌ളാസ് മുറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. ടോയിലറ്റ് സൗകര്യങ്ങള്‍ തീരെ മോശമാണെന്ന പരാതി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമുള്ള സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. പല സ്‌കൂളുകളിലും കെട്ടിടങ്ങള്‍ പഴകി അപകടാവസ്ഥയിലാണ്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമ്മിറ്റി നേരിട്ട് കണ്ട് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]