കേസ് തള്ളി; കേന്ദ്രമന്ത്രി പദവി ആഗ്രഹമില്ല, ലക്ഷ്യം ചെക്ക് മോഷ്ടിക്കാന്‍ കൂടെനിന്ന് ചതിച്ചവരെ കണ്ടെത്തുക : തുഷാര്‍

Jaihind News Bureau
Sunday, September 8, 2019

ദുബായ് : ബി.ജെ.പി മുന്നണി നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യു.എ.ഇയില്‍ നാസില്‍ അബ്ദുള്ള നല്‍കിയ ക്രിമിനല്‍ കേസ് അജ്മാന്‍ പബ്‌ളിക്ക് പ്രോസിക്യൂഷന്‍ തള്ളി. നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍, വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ കേസ് തള്ളിയെങ്കിലും തന്‍റെ ഓഫീസില്‍ നിന്ന് നാസിലിന് ലഭിച്ചുവെന്ന് പറയുന്ന ചെക്ക് മോഷടിക്കാന്‍ തന്‍റെ കൂടെനിന്ന് ചതിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും തുഷാര്‍ പറഞ്ഞു. താന്‍ ഇതിനുള്ള അന്വേഷണത്തിലാണ്. അതിനായി രണ്ടു ദിവസം കൂടി യു.എ.ഇയില്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ നാസില്‍ അബ്ദുല്ലയെ കാണണം. കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തനിക്ക് തിരിച്ച് കിട്ടിയെന്നും പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കൊണ്ട് തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അജ്മാന്‍ കോടതിയില്‍ നിന്ന് തിരിച്ചുകിട്ടിയ പാസ്പോര്‍ട്ട് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന തുഷാര്‍ വെള്ളാപ്പള്ളി

തനിക്കെതിരെ പരാതി നല്‍കിയ നാസില്‍ മാന്യന്‍ ആണെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ മാപ്പുപറയണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. അതേസമയം കേന്ദ്രമന്ത്രി പദത്തിലേക്കുള്ള താങ്കളുടെ പ്രതീക്ഷകളെ ഈ ചെക്ക് കേസ് വിവാദം ബാധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും അദേഹം പ്രതികരിച്ചു. കേന്ദ്രമന്ത്രി പദവി ആഗ്രഹിച്ചിട്ടില്ല. അതിന് താല്‍പര്യവും ഇല്ല. ഇനി കേന്ദ്രത്തിന്‍ മന്ത്രിപദവിയോ മറ്റോ ഉത്തരവാദിത്വങ്ങളോ എടുക്കാനും ഉദേശിക്കുന്നില്ലെന്നും തുഷാര്‍ വെളിപ്പെടുത്തി.