
കൊല്ലം കുന്നിക്കോട്ടിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. മരണകാരണം സൂര്യാഘാതമാണെന്ന് പ്രാഥമിക നിഗമനം.ഏകദേശം രാവിലെ 11.30-ഓടെയാണ് സമീപത്ത് കൃഷിപ്പണിക്ക് എത്തിയവർ ബേബിയെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ബേബി ഫിലിപ്പ്, രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.നിലവിൽ പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതമേറ്റതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.
മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.