അന്തർസംസ്ഥാന പാതകളിലെ ഗുണ്ടാ ആക്രമണം ;ശക്തമായ നടപടി ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി

Jaihind News Bureau
Saturday, April 25, 2026

 

കേരളത്തിൽ നിന്നും മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിലെ ഉമർഖേഡ് എന്ന സ്ഥലത്ത് വെച്ച് തടഞ്ഞ് ഡ്രൈവറെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തിൽ ശക്തമായനടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കത്ത് നൽകി.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഹൈവേകളിൽ ആയുധധാരികളായ സംഘങ്ങൾ നിയമത്തെ വെല്ലുവിളിച്ച് സ്വതന്ത്രമായി വിഹരിക്കുന്നതും പാതയോരങ്ങളിൽ ഇത്തരം അക്രമം അഴിച്ചുവിടുന്നതും ഏറെ ആശങ്കാജനകമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനമായ അന്തർസംസ്ഥാന ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ ഇത്തരം ആസൂത്രിത ആക്രമണങ്ങളുടെ നിരന്തരം ഇരകളാകുന്നത്.അതിനാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെട്ട് മഹാരാഷ്ട്ര പോലീസുമായി ചേർന്ന് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി ശക്തമായ നിയമ നടപടി സ്വീകരിക്കണം.അക്രമത്തിൽ ഗുരുതര പരിക്കേറ്റ ലോറിയിലെ ജീവനക്കാർക്ക് സമഗ്രവുമായ ചികിത്സ -സാമ്പത്തിക സഹായം നൽകണമെന്നും കെസി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ ലോറി ഡ്രൈവർ മംഗളൂരു സ്വദേശി അൽവിൻ പയസിനും സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ്‌ നധാഫ് നിസാർ ഖുറൈശിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകളോളം വാഹനത്തെ പിന്തുടർന്ന അക്രമിസംഘം, വിജനമായ സ്ഥലത്തുവെച്ച് വാഹനം തടയുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി എത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു തലക്കും മുഖത്തും ശരിത്തിലും ആഴത്തിലുള്ള വെട്ടുകൾ കൊണ്ട് ഇരിവരും റോഡിൽ ബോധം പോയ അവസ്ഥയിലായിരുന്നു സമീപ വാസികൾ യാത്രക്കാരുടെ സഹായത്താൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായത് എന്നാണ് ലഭിക്കുന്ന വിവരമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.