മുഖ്യമന്ത്രിയെയും പ്രശാന്തിനെയും പ്രകീർത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി; എന്‍.ഡി.എ-സി.പി.എം വോട്ട് കച്ചവടം ശരിവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

Jaihind Webdesk
Thursday, October 24, 2019

വട്ടിയൂർക്കാവില്‍ നിന്ന് ജയിച്ച ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്തിനെ പിന്തുണച്ച് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെയും പ്രശാന്തിന്‍റെയും സമുദായത്തെ പേരെടുത്ത് പറയാതെയാണ് തുഷാർ പിന്തുണച്ചിരിക്കുന്നത്. വട്ടിയൂർക്കാവ്  മണ്ഡലത്തിലെ ഭൂരിപക്ഷസമുദായത്തെയും തുഷാർ തന്‍റെ പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്. പിന്നാക്കക്കാരനായ മുഖ്യമന്ത്രിയും മുന്നാക്ക ഭൂരിപക്ഷ മണ്ഡലത്തില്‍നിന്ന് വിജയിച്ച പിന്നാക്കക്കാരനും ഒരുമിച്ച് തലയുയർത്തി നില്‍ക്കുന്ന കാഴ്ച ഏറെ പ്രതീക്ഷ പകരുന്നതാണെന്ന അടിക്കുറിപ്പോടെ പിണറായി വിജയനും വി.കെ പ്രശാന്തും ഒരുമിച്ചുനില്‍ക്കുന്ന ചിത്രം തുഷാർ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ബി.ഡി.ജെ.എസ് ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ പിന്തുണച്ചുവെന്ന് വ്യക്തമാക്കുന്നതാണ് തുഷാറിന്‍റെ ഈ പ്രതികരണം. എന്‍.ഡി.എ – എല്‍.ഡി.എഫ് വോട്ട് കച്ചവടമെന്ന ആരോപണത്തെ ശരിവെക്കുന്നതുകൂടിയാണ് തുഷാറിന്‍റെ ഈ പരസ്യ പ്രതികരണം. പാലാ ഉപതെരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസ് ഇടതുമുന്നണിയെ പിന്തുണച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും പ്രചാരണത്തില്‍ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നത് ഇടതുമുന്നണിയുമായുള്ള ധാരണ അനുസരിച്ചാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയെയും വി.കെ പ്രശാന്തിനെയും പ്രകീര്‍ത്തിക്കുന്ന തുഷാറിന്‍റെ നിലപാട്.

ഒപ്പം സാമുദായിക ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം ധ്രുവീകരണം നടത്തിയെന്നതിന്‍റെ തെളിവ് കൂടിയായി തുഷാർ വെള്ളാപ്പള്ളിയുടെ ഈ പരസ്യ പിന്തുണ. അതേസമയം പരസ്യമായ ജാതി പ്രീണനം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ദുർബല വാദവുമായി തുഷാറിന്‍റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വ്യക്തി രംഗത്തെത്തിയിട്ടുണ്ട്.