ചെക്ക് കേസില്‍ 11 വര്‍ഷമായി യു.എ.ഇയില്‍ കുടുങ്ങിയ സഖാവ് നീതി തേടി മുഖ്യമന്ത്രിക്ക് മുന്നില്‍; ജയ്ഹിന്ദ് ടി.വി സഹായം സ്മരിച്ച് മനാഫ് | Video

Jaihind News Bureau
Sunday, October 6, 2019

ദുബായ് : പതിനാല് ചെക്ക് കേസുകളില്‍പ്പെട്ട് , 11 വര്‍ഷമായി യുഎഇയില്‍ കുടുങ്ങിയ പ്രവാസി മലയാളി, നീതി തേടി ദുബായില്‍ മുഖ്യമന്ത്രിയ്ക്ക് മുന്നിലെത്തി. തൃശൂര്‍ ചാവക്കാട് തിരുവത്ര സ്വദേശിയായ മനാഫ് ആലുങ്ങല്‍ എന്ന പ്രവാസിയുടെ ദുരിതക്കഥ , ജയ്ഹിന്ദ് ടിവിയുടെ ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്ക്’ എന്ന, വാരാന്ത്യ പരിപാടിയിലൂടെയാണ് ലോകം അറിഞ്ഞത്. ഇതോടെ, മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മലയാളികള്‍ക്കായി സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍, ജയ്ഹിന്ദ് ടിവിയുടെ പേര് പരാമര്‍ശിച്ച് , മനാഫ് മനസ് തുറന്നു. സ്വന്തം മകനെ ആദ്യമായി ഒമ്പതാം വയസില്‍ കണ്ട, മനാഫിന്റെ ദുരിതക്കഥ, ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്കി’ലൂടെ, സെപ്റ്റംബര്‍ മാസത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതാണ്, മനാഫ് സംവാദത്തില്‍ പരാമര്‍ശിച്ചത്.

മനാഫിനെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് വന്നതോടെ, ചില സഹായങ്ങള്‍ അദേഹത്തെ തേടി എത്തിയിരുന്നു. എന്നാല്‍, ബാധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ക്കാന്‍ മാത്രമുള്ള സാമ്പത്തിക സഹായം ലഭിച്ചില്ല. ഇതേതുടര്‍ന്നാണ്, 11 വര്‍ഷമായി യുഎഇയില്‍ കുടുങ്ങിയ വേദനയേറിയ ജീവിതം, സഖാവ് മനാഫ് മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. സൗഹൃദത്തിന്റെ വേഷമണിഞ്ഞ് എത്തിയ, ചില സുഹൃത്തുക്കള്‍ തന്നെയാണ്, ഈ ചാവക്കാട്ടുക്കാരനെ പല ഘട്ടമായി ചതിച്ചത്. എന്നാല്‍, നിയമക്കുരുക്ക് അഴിക്കാന്‍, അഭിഭാഷകരുടെ സഹായം, ഉറപ്പാക്കാമെന്നും തുടര്‍ നടപടികള്‍ നോര്‍ക്ക ചെയ്യുമെന്നും മുഖ്യമന്ത്രി പൊതുവേദിയില്‍ ഉറപ്പ് നല്‍കി. ഇതോടെ, ഇനിയെങ്കിലും നാട് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന്, മനാഫ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അതിനാല്‍, വലിയ പ്രതീക്ഷയുണ്ടെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

സ്വന്തമായി മൂന്ന് കമ്പനികളും , ഇരുപത്തിയഞ്ചോളം ജീവനക്കാരുമായി, നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ ഉടമയായിരുന്നു മനാഫ് ആലുങ്ങല്‍. ചെക്ക് കേസ് മുറുകിയതോടെ, ദുബായ് , ഷാര്‍ജ ജയിലുകളിലായി ഏറെ നാളത്തെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വന്നു. ഹെര്‍ണിയ രോഗി കൂടിയായ ഈ മലയാളിയ്ക്ക്, മുഖ്യമന്ത്രിയുമായുള്ള സംവാദ പരിപാടി , വീട്ടിലേക്കുള്ള പുതിയ വെളിച്ചമാകുമെന്ന പ്രതീക്ഷയിലാണ്. ഇതുവഴി രോഗികളായ മാതാപിതാക്കളെ എത്രയും വേഗം നാട്ടിലെത്തി കാണാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം, ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കായി  മുഖ്യമന്ത്രി കാണിച്ച ആത്മാര്‍ഥത, ഈ സഖാവിന് വേണ്ടിയും ഉണ്ടാകുമോയെന്നും മനാഫ് കാത്തിരിക്കുകയാണ്.