യുഎഇ സമ്പദ്‌വ്യവസ്ഥ 2021 ല്‍ സാധാരണ നിലയിലാകും : ഗള്‍ഫിലും മുന്നേറ്റ പ്രതീക്ഷ ; ഹെല്‍ത്ത് കെയര്‍, ഭക്ഷ്യ മേഖലയില്‍ നേട്ടം : യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി ക്ഷീണം

B.S. Shiju
Tuesday, April 14, 2020

ദുബായ് : കോവിഡ് -19 ന് ശേഷം യുഎഇ സമ്പദ്‌വ്യവസ്ഥ  അടുത്ത വര്‍ഷം സാധാരണ നിലയിലാകുമെന്ന്, രാജ്യാന്തര നാണയനിധി (ഐഎംഎഫ് ) റിപ്പോര്‍ട്ട്. ഇപ്രകാരം, യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും സമ്പദ്വ്യവസ്ഥയില്‍ ശക്തമായി മുന്നേറുമെന്നും രാജ്യാന്തര നാണയ നിധിയുടെ ലോക സാമ്പത്തിക നിരീക്ഷണത്തില്‍ പറയുന്നു.

ഇതനുസരിച്ച്, യുഎഇ സമ്പദ്വ്യവസ്ഥ 2021 ല്‍ 3.3 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പറഞ്ഞു. യുഎഇയിലെയും സമീപ രാജ്യങ്ങളിലെയും ഇടിവ് ആഗോള സമ്പദ്വ്യവസ്ഥയുടെയും മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളുടെയും മാറ്റത്തിലധിഷ്ടിതമാണ്. എന്നാല്‍, ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിടുക ഇറാന്‍ ആണ്. 2019 ല്‍ 7.6 ശതമാനമായിരുന്ന ഇറാന്റെ വളര്‍ച്ച 2020 ല്‍ 6.0 ശതമാനമായി കുറയും.

മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ സൗദി അറേബ്യ 3.9 ശതമാനവും,  ഖത്തറില്‍ 4.3 ശതമാനവും കുവൈത്തില്‍ 1.1 ശതമാനവും വളര്‍ച്ച കുറയും. ഒമാനില്‍ 2.8 ശതമാനം വളര്‍ച്ച കുറയും. അതേസമയം, കോവിഡിന് ശേഷം, ലോക സമ്പദ്വ്യവസ്ഥ വേഗത കൈവരിക്കുമെന്നതിനാല്‍ എല്ലാ സമ്പദ്വ്യവസ്ഥകള്‍ക്കും ഇത് ശക്തി പകരും.  അതിന്റെ ഫലമായി എണ്ണവില ഉയരുകയും, എണ്ണ ഇതര മേഖലകളുടെ വളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുമെന്നും ഐ എം എഫ് വ്യക്തമാക്കി. ദുബായ് എക്‌സ്‌പോ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഈ പ്രക്ഷുബ്ധമായ കോവിഡ് സമയങ്ങളിലും ഈ മേഖലയിലെ ഹെല്‍ത്ത് കെയര്‍,  ഫാര്‍മസി, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യ മേഖല തുടങ്ങിയ വിവിധ മേഖലകള്‍ക്ക് ഇപ്പോഴും വലിയ ഡിമാന്‍ഡുണ്ട്. വരും വര്‍ഷങ്ങളിലും ഈ മേഖലകളുടെ വളര്‍ച്ച തുടരും. കൂടാതെ, ഇ-കൊമേഴ്സ്, ഡെലിവറി സേവനങ്ങള്‍, ടെലികോം എന്നീ മേഖലകള്‍ കോവിഡ് -19 ലും മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. എന്നാല്‍, ലോജിസ്റ്റിക്‌സ്, യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവ മേഖലകളില്‍ ആശങ്കകള്‍ തുടും.  

2023 ഓടെ എണ്ണവില ബാരലിന് 45 ഡോളറില്‍ താഴെയായിരിക്കുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചു.  2019 ലെ ശരാശരി വിലയേക്കാള്‍ 25 ശതമാനം കുറവാണിത്. 2020 ല്‍ 2.8 ശതമാനം ചുരുങ്ങിയ ശേഷം 2021 ല്‍ മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ മേഖല 2021 ല്‍ 4.0 ശതമാനം വളര്‍ച്ച നേടും. എന്നാല്‍, 20202 ല്‍ ഇത് 2.8 ശതമാനമായി കുറയും. അതുപോലെ, മിഡില്‍ ഈസ്റ്റും നോര്‍ത്ത് ആഫ്രിക്ക മേഖലയുടെ വളര്‍ച്ച 2020 ല്‍ 3.3 ശതമാനമായി ചുരുങ്ങും. എന്നാല്‍, 2021 ല്‍ 4.2 ശതമാനം വളര്‍ച്ച നേടുമെന്ന്  ഐഎംഎഫ് പ്രവചിച്ചു.