പ്രതികൂല കാലാവസ്ഥ : യു.എ.ഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റി ; പുതിയ തീയതി ജൂലൈ 17 വെള്ളിയാഴ്ച

Jaihind News Bureau
Tuesday, July 14, 2020

ദുബായ് : അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യു.എ.ഇയുടെ ചൊവ്വാ പേടക വിക്ഷേപണ തീയതി മാറ്റി. ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്‍ററില്‍ ബുധനാഴ്ച പുലര്‍ച്ചെ വിക്ഷേപണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ജപ്പാനിലെ പ്രതികൂല കാലാവസ്ഥ മൂലം വിക്ഷേപണം ഈ മാസം 17 ന് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 12.43 ന് ചൊവ്വാ പേടകം പറന്നുയരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ ദൗത്യം വഴി ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കാനും കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കാനും സാധിക്കും.
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കാനാകും. പൊടിക്കാറ്റ്, വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കും. കാലാവസ്ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും. ചൊവ്വയുടെ പൂര്‍ണ ചിത്രങ്ങളും പ്രതീക്ഷിക്കുന്നു. ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ നഷ്ടപ്പെടുന്നതിന്റെ കാരണം ഇവ അന്വേഷിക്കും. ഒപ്പം ഇത്തരം വിവരങ്ങള്‍ ലോകത്തെ 200ഓളം സ്‌പേസ് സെന്ററുകള്‍ക്ക് കൈമാറും. കൂടാതെ, 2117ല്‍ ചൊവ്വയില്‍ മനുഷ്യന് താമസ സ്ഥലം ഒരുക്കാനും ഈ ദൗത്യത്തിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നു.