വിമര്‍ശിച്ചത് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെ: ‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Jaihind News Bureau
Monday, March 23, 2026

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ ‘കോമാളി’ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക് രംഗത്തെത്തി. തന്റെ വാക്കുകള്‍ പിഷാരടിയുടെ അഭിനയത്തെയോ കലയെയോ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പായിരുന്നുവെന്നും ഐസക് വ്യക്തമാക്കി.

പലസ്തീന്‍ വിഷയം ഉള്‍പ്പെടെയുള്ള ഗൗരവകരമായ കാര്യങ്ങളില്‍ പിഷാരടി സ്വീകരിക്കുന്ന അരാഷ്ട്രീയ നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചത്. മധ്യേഷ്യന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനും ഇടതിനും വ്യക്തമായ നിലപാടുണ്ട്. അതിന് വിരുദ്ധമായി സംസാരിക്കുന്നതിനെയാണ് ചോദ്യം ചെയ്തത്. വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമായിരുന്നില്ല. ‘കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യം’ എന്ന ഐസക്കിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഈ തിരുത്തല്‍.

തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമേയുള്ളൂവെന്നും പക്ഷേ, സംസ്‌കാരം എന്നത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നം അത് ഉള്ളില്‍ നിന്നുണ്ടാകേണ്ടതാണെന്നുമായിരുന്നു വിഷയത്തില്‍ പിഷാരടിയുടെ പ്രതികരണം. തങ്ങളുടെ കൂടെ നില്‍ക്കാത്ത കലാകാരന്മാര്‍ എപ്പോഴാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്ന് പിഷാരടി ചോദിച്ചു. രാഷ്ട്രീയം പറയാത്തവരെല്ലാം ശത്രുക്കളാണെന്ന നിലപാട് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.