കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍ നികുതിയിളവ്; കോഴിക്കോടിന് തിരിച്ചടി; അഴിമതിയെന്ന് ആരോപണം

Jaihind Webdesk
Sunday, January 13, 2019

കോഴിക്കോട്: പ്രളയാനന്തരം സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണമില്ലാതെ വലയുമ്പോഴും കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍തോതില്‍ നികുതിയിളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജി.എസ്.ടിയില്‍ പ്രളയാനന്തര സെസ് ഈടാക്കി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന സര്‍ക്കാരാണ് വിമാനക്കമ്പനികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

നികുതിയിളവ് നല്‍കിയതോടെ കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ കൂട്ടത്തോടെ കണ്ണൂരിലേക്ക് സര്‍വ്വീസ് മാറ്റാനുള്ള നീക്കത്തിലാണ്. ഇത് കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്ന വാദവും ശക്തമാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോഴുള്ള നികുതി 28 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായാണ് സര്‍ക്കാര്‍ കുറച്ചത്. നിലവില്‍ സ്‌പൈസ് ജെറ്റിന്റെ സര്‍വ്വീസ് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് മാറ്റിക്കഴിഞ്ഞു. ജെറ്റ് എയര്‍വേയ്‌സും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് നിര്‍ത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

അടുത്തിടെ തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് നികുതിയിളവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പത്തുവര്‍ഷം നീണ്ടകാലത്തേക്ക് നികുതിയിളവ് നല്‍കിയതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന വിമര്‍ശനം ശക്തമാണ്.