കണ്ണൂര്‍ ഇന്‍റർനാഷണൽ എയർപോർട്ടിന് ‘പോയിന്‍റ് ഓഫ് കോൾ ” പദവി ഇല്ല : കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടി

Jaihind News Bureau
Thursday, November 21, 2019

മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിന് ” പോയിന്റ് ഓഫ് കോൾ ” പദവിയും മട്ടന്നൂരിലേക്ക് റെയിൽവേ ലൈനും നിലവിൽ കേന്ദ്ര സർക്കാർ പരിഗണനയിൽ ഇല്ല. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനും പ്രവർത്തനം നടത്താനും ആവശ്യമായ നിലവാരം ഉയർത്തുന്ന തരത്തിൽ നല്കുന്ന “പോയന്റ് ഓഫ് കോൾ ” സ്റ്റാറ്റസ് പദവി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് നല്കുന്നതിന് ഇപ്പോൾ ഉദ്യേശമില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടി നല്കി.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് നല്കുന്നുണ്ടോ. അതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ, ഗവൺമെന്റിന് മട്ടന്നൂർ എയർപോർട്ടിന് ഈ നിലവാരത്തിലേക്ക് ഉയർത്തി പരിഗണിക്കുന്നതിന് തീരുമാനം ഉണ്ടോ എന്ന ചോദ്യത്തിന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഇന്റീരിയർ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് നല്കാൻ നിർവ്വാഹമില്ല എന്ന മറുപടിയാണ് കേന്ദ്ര ഗവൺമെന്റ് നല്കിയിട്ടുള്ളത്. കേരളത്തിലെ മറ്റ് എയർപോർട്ടുകൾക്ക് ഈ പദവി നല്കിയിട്ടുണ്ട്.

സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയോട് നേരിട്ടും വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോടും എം.പിമാരുടെ യോഗത്തിലും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ ഉടൻ കൂടുതലായി ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടും സർക്കാറിന്റെ ആത്മാർത്ഥത ഇല്ലാത്ത നിലവിലുള്ള സമീപനം പ്രതിഷേധാർഹമാണ്.

ഇന്റർനാഷണൽ എയർ ലൈനുകൾക്ക് ലാന്റ് ചെയ്യാനും അവിടെ പ്രവർത്തനം ആരംഭിക്കുവാനും ഉള്ള അനുമതി ലഭ്യമാവുന്നമുറക്ക് മാത്രമേ കണ്ണൂർ വിമാനത്താവളത്തിന്റെ സമഗ്ര വികസനം പൂർത്തിയാവുകയുള്ളൂ.

നോർത്ത് മലബാർ മേഖലയിൽ എറ്റവും കൂടുതൽ വിദേശ ഇന്ത്യക്കാർ താമസ്സിക്കുന്ന ഈ പ്രദേശം ഗ്രാമീണ മേഖലയായി പരിഗണിക്കുന്ന കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്നും കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിന് വേണ്ടി
ഇനിയും ഈ ആവശ്യം മുൻനിർത്തി പാർലമെന്റിലും മന്ത്രിതലത്തിലും ഇടപെടുമെന്നും റൂൾ 377 പ്രകാരം വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സംസ്ഥാന സർക്കാറും ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണമെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്ത് മട്ടന്നൂരിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് എന്തെങ്കിലും അപേക്ഷ കിട്ടിയിയിട്ടുണ്ടോ എന്ന കെ.സുധാകരൻ എം.പിയുടെ ചോദ്യത്തിനും സർക്കാറിന് അവിടെ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് പദ്ധതി ഉണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെങ്കിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്നും എവിടെയാണ് സ്ഥാപിക്കുന്നത് എന്നതിനും ഇല്ല എന്ന ഉത്തരാണ് കേന്ദ്ര ഗവൺമെന്റ് നല്കിയിട്ടുള്ളത്. സ്ഥാപിക്കാൻ ഉദ്യേശമില്ലെങ്കിൽ എന്താണ് കാരണം എന്ന ചോദ്യത്തിന് അങ്ങനെ ഒരു അപേക്ഷ ഇല്ലാത്തതിനാൽ സ്ഥാപിക്കാൻ ഉദ്യേശമില്ല എന്ന മറുപടിയാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നല്കിയത്.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയിൽവേ ലൈൻ വേണമെന്നും മട്ടന്നൂരിൽ റെയിൽവേ സ്റ്റേഷൻ തുടങ്ങണമെന്നും നിവേദനത്തിലൂടെയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും നോർത്ത് മലബാർ മേഖലയുടെ പൊതു വികസനത്തിന് വേണ്ടിയുള്ള പദ്ധതികളോട് കേന്ദ്ര സർക്കാർ പുറം തിരിഞ്ഞ് നില്ക്കരുതെന്നും കെ.സുധാകരൻ എം.പി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.